നിയമന കത്ത് വിവാദം: മേയറുടെ ഓഫീസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി, ധർണയുമായി കോൺഗ്രസ്, കരിങ്കൊടി വീശി കെഎസ്‍യു

നിയമന കത്ത് വിവാദം: മേയറുടെ ഓഫീസ് ഉപരോധിച്ച് കൊടികെട്ടി ബിജെപി, ധർണയുമായി കോൺഗ്രസ്, കരിങ്കൊടി വീശി കെഎസ്‍യു


തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധവും സംഘർഷവും . കോർപറേഷനിൽ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആർ അനിലിന്റേയും ഓഫിസിന് മുന്നിൽ ബിജെപി കൊടി നാട്ടി. ബിജെപിയുടെ വനിത കൌൺസിലർമാരുൾപ്പെടെ കിടന്നാണ് പ്രതിഷേധിക്കുന്നത്.

സമരം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മേയർ രാജി വയ്ക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പറയുന്നത് . ജനങ്ങൾക്ക് ഉപകാരം ഇല്ലാത്ത ഓഫിസ് പ്രവർത്തിക്കേണ്ടതില്ലെന്നാണ് ബിജെപി കൌൺസിലർമാരുടെ നിലപാട്. ഓഫിസിലേക്ക് ജീവനക്കാർക്ക് കയറാനാകാത്ത അവസ്ഥയാണ്. വിവിധ ആവശ്യങ്ങൾക്കായി പൊതുജനം എത്തുമ്പോൾ ഓഫിസിൽ കയറാനാകാത്ത വിധം ആണ് ബിജെപിയുടെ സമരം തുടരുന്നത്.

അതുകൊണ്ട് തന്നെ കൂടുതൽ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട് .ഓഫിസ് ഉപരോധിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പോലെ എൽഡിഎഫ് കൌൺസിലർമാർ രംഗത്തെത്തുമോ എന്നും സംശയമുണ്ട്.