തമിഴിനെ പുകഴ്ത്തി അമിത് ഷാ; "മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം തമിഴിലാക്കണം"

തമിഴിനെ പുകഴ്ത്തി അമിത് ഷാ; "മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം തമിഴിലാക്കണം"


ചെന്നൈ: തമിഴ്നാട് സന്ദര്‍ശനത്തിനിടെ തമിഴ് ഭാഷയെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് ഭാഷയും അതിന്‍റെ വ്യാകരണവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒന്നാണെന്നും അവ ജനകീയമാക്കുന്നത് രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണെന്നും അമിത് ഷാ ശനിയാഴ്ച ചെന്നൈയില്‍ പറഞ്ഞു.

ചെന്നൈയിൽ നടന്ന ഇന്ത്യ സിമന്റ്‌സിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. തമിഴ് ഭാഷയിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നൽകണമെന്ന് ഷാ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

“ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്നാണ് തമിഴ്. അതിന്റെ വ്യാകരണവും ഏറ്റവും പഴക്കമുള്ള ഒന്നാണ്. തമിഴ് മീഡിയം വിദ്യാർത്ഥികൾക്ക് പ്രയോജനം നേടാനും അവരുടെ മാതൃഭാഷയിൽ ഗവേഷണവും വികസനവും നടത്താനും തമിഴ് ഭാഷയിൽ മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം നൽകണമെന്ന് ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,”ഷാ പറഞ്ഞു.

ഈ നടപടി സ്വീകരിച്ചാൽ ഭാഷയെ വലിയ രീതിയിൽ വളരാന്‍ സഹായിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അടുത്തിടെ വന്ന പാര്‍ലമെന്‍ററി സമിതി നിര്‍ദേശം അടക്കം വന്നതോടെ 'ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന്' ആരോപിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ്  അമിത് ഷായുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ മാസം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ തലവനായ ഷാ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് നൽകിയ ശുപാർശകൾ രാജ്യത്തിന്‍റെ ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും. ഇത് രാജ്യത്തെ ഭാഷയുദ്ധത്തിലേക്ക് നയിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.