ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തും മുൻപ് മരിച്ചു

ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തും മുൻപ് മരിച്ചു


പത്തനംതിട്ട: ശബരിമല സന്നിധാനതത്ത് തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നാ രാവിലെയാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തൻ മുരളീധരനാണ് മരിച്ചത്. 48 വയസായിരുന്നു. അപ്പാച്ചിമേട്ടിലാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. തുടർന്ന് പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

അതേസമയം ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുകയാണ്. മണ്ഡല കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ രണ്ടര ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഏറ്റവും പുതിയ കണക്ക്. ദര്‍ശന സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. അതേസമയം പകർച്ച വ്യാധി ഭീഷണിയെ തുടർന്ന് സന്നിധാനത്ത് സുരക്ഷ ഉദ്യോഗസ്ഥർക്ക് മാസ്ക് നിർബന്ധമാക്കി. അഞ്ച് പൊലീസുകാർക്ക് ചിക്കൻ  പോക്സ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം.

അതേസമയം ശബരിമല തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. ശബരിമല സ്പെഷ്യൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ ചെങ്ങന്നൂരിൽ നിന്ന് പന്പയിലേക്കും തിരിച്ചുമുള്ള യാത്രകളിൽ അയ്യപ്പ ഭക്തനിൽ നിന്ന് യഥാക്രമം 141 രൂപയും 180 രൂപയും ഈടാക്കിയെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഒരേ റൂട്ടിൽ രണ്ട് സ്പെഷ്യൽ സർവീസുകളുടെ ടിക്കറ്റ് നിരക്കിലെ വ്യത്യാസം 39 രൂപയാണെന്നതാണ് വിമർശനത്തിന് കാരണം. ഒരു റൂട്ടിലെ മാത്രം അവസ്ഥ അല്ല ഇത്. പമ്പയിൽ നിന്നുള്ള പല ദീർഘ ദൂര സർവീസുകളിലും ടിക്കറ്റ് നിരക്കിൽ ഏകീകൃത സ്വഭാവമില്ല. സ്പെഷ്യൽ സർവീസിന്റെ പേരിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികൾക്കിടയിലാണ് ഇത്തരം വ്യകതയില്ലാത്ത നടപടികളും. നിലയ്ക്കൽ പമ്പ ചെയ്ൻ സർവീസിലും അമിത നിരക്കാണെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്