സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ.

അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് നിന്ന് മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

വിദ്യാഭ്യാസ വകുപ്പിലെ 200 ഓളം ജീവനക്കാർ ശാസ്ത്രോത്സവം നടത്തിപ്പിന്റെ ഭാഗമാകുന്നുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തവണ മേളയിൽ എത്തുന്നവർക്കായി ഭക്ഷണം ഒരുക്കുന്നത്. മേളയുടെ ഭാഗമായി വൊക്കേഷണൽ എക്സ്പോയും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേള ശനിയാഴ്ച സമാപിക്കും.