
പാട്യം മുതിയങ്ങയിലെ മീത്തലെ പുരയിലെ വീട്ടുചുവരിലാണ് അർജന്റീന നിറയുന്നത്. സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറിയും അർജന്റീനൻ ആരാധകനുമായ ഷിനിത് പാട്യത്തിന്റെ വീടാണ് ലോകകപ്പ് ആവേശത്തിന്റെ ക്യാൻവാസായത്.
ഷൈജു കെ മാലൂരിന്റെ നേതൃത്വത്തിൽ രൂപേഷ് ചിത്രകലയും റോഷിത് കോടിയേരിയും ധനിഷ്മയുമാണ് ഈ കരവിരുതിന് പിന്നിൽ.
എമൽഷൻ പെയിന്റ് ഉപയോഗിച്ച്
വരച്ച ചിത്രത്തിന് 30 അടി നീളവും 20 അടി വീതിയുമുണ്ട്. ഇതിഹാസ താരം മാറഡോണയെയും ലയണൽ മെസിയെയുമാണ് ചിത്രത്തിൽ ഫോക്കസ്
ചെയ്തത്.
ലോകകപ്പ് കിരീടത്തിലേക്ക് ആൽബസേലിസ്റ്റാ പതാകയുമേന്തി മെസ്സിക്ക് പുറകിൽ അണിനിരന്ന ടീം അംഗങ്ങളെയും ഇറ്റലിയിലെ ദരിദ്ര ക്ലബ്ബായ നാപ്പോളിയിൽ മറഡോണ കളിച്ചപ്പോഴുള്ള രൂപവുമാണ് ആവിഷ്കരിച്ചത്.
ചുവരിൽ മാത്രമല്ല, ഖത്തറിലും അർജന്റീന കപ്പുയർത്തുമെന്ന് ഷിനിത് പറഞ്ഞു. ഫുട്ബോളിനെ യൂറോപ്പിൽമാത്രം തളച്ചിടുന്നതിനെതിരെ പ്രതിരോധം
തീർക്കുന്ന ടീമാണ് അർജന്റീന. ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീന കിരീടം ചൂടുമെന്നതിൽ സംശയമില്ല. ആൽബസേലിസ്റ്റാ കുപ്പായം ധരിച്ച അർജന്റീനയോടാണ് എന്നും പ്രിയം. എല്ലാ കാലത്തും അർജന്റീന ഏതെങ്കിലുമൊരു കളിക്കാരനെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോയത്, മരിയോ കെമ്പ്സ്, മാറഡോണ, ബാറ്റിസ്റട്ട, ക്രെസ്പോ, മെസി തുടങ്ങിയ താരങ്ങളുടെ ചിറകിലേറിയായിരുന്നു കുതിപ്പ്. കഴിഞ്ഞ മൂന്നുവർഷമായി ടീം സന്തുലിതമാണ്. ആരെയും നേരിടാനുള്ള കൂട്ടായ്മ ടീമിനുണ്ടെന്നും ഷിനിത് പറഞ്ഞു.