'ഇന്ന് ആഘോഷരാവ്; നാളെ പൊതു അവധി'; ചരിത്രവിജയം ആഘോഷമാക്കി സൗദി അറേബ്യ

'ഇന്ന് ആഘോഷരാവ്; നാളെ പൊതു അവധി'; ചരിത്രവിജയം ആഘോഷമാക്കി സൗദി അറേബ്യ


ജിദ്ദ: ഖത്തറിൽ നിസ്സാരമായ വിജയമല്ല സൗദി അറേബ്യ സ്വന്തമാക്കിയത്. സ്വപ്നതുല്യമായ വിജയം കൈവരിച്ചതിന്‌റെ ആഹ്ലാദത്തിലാണ് സൗദിയിലെങ്ങും. ടീമിന്റെ വിജയത്തിൽ സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ ആഹ്ളാദം പ്രകടിപ്പിച്ചു.

വിജയത്തോടനുബന്ധിച്ച് റിയാദ് ബൊൾവാർഡ് സിറ്റി, ബൊൾവാർഡ് വേൾഡ്, വിന്റർ ലാൻഡ് എന്നിവയിലേയ്ക്ക് ഇന്ന് സൗജന്യമായി പ്രവേശിക്കാമെന്ന് ജനറല്‍ എന്റർടെയ്ൻമെന്റ് അതോറിറ്റി തലവൻ കൗൺ‌സിലർ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. കൂടാതെ സൗദിയിൽ നാളെ പൊതു അവധിയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലുള്ള സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.



അതേസമയം അര്‍ജന്‌റീനയുടെ പരാജയം ലോകമെങ്ങും ഞെട്ടലോടെയാണ് കേൾക്കേണ്ടിവന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീനയെ സൗദി പരാജയപ്പെടുത്തിയത്. നാൽപത്തിയെട്ടാം മിനിറ്റിൽ സലേ അൽ ഷേഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലേം അൽദസ്വാരി യുമാണ് സൗദിയ്ക്കായി ഗോളുകൾ നേടിയത്.

മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോൾ. 22,28,35 മിനിറ്റുകളിൽ സൗദിയുടെ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് വില്ലനായെത്തി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു.


അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ഇതിന് മുന്‍പ് നാല് തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് തവണ അര്‍ജന്റീന ജയിച്ചപ്പോള്‍ രണ്ട് തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.ലോകകപ്പിന്റെ ചരിത്രത്തിലെ സൗദിയുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്