വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം: മിന്നൽ പണിമുടക്ക് അനുവദിക്കില്ല
കണ്ണൂർ: ബസിൽ കയറുന്നതിനെച്ചൊല്ലി വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ പോലീസ് ഇടപെടൽ.കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. രത്നകുമാർ വെള്ളിയാഴ്ച യോഗം വിളിച്ചുചേർത്തു.
എ.സി.പി.യുടെ ഓഫീസിൽ ചേർന്ന യോഗത്തിൽ തൊഴിലാളി-വിദ്യാർഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു. ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നൽ പണിമുടക്ക് നടത്തിയാൽ തൊഴിലാളികളെയും ബസും കസ്റ്റഡിയിൽ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ യോഗത്തിൽ അറിയിച്ചു. വിദ്യാർഥികളും നിയമം കൈയിലെടുക്കരുത്.
പരാതികൾ ഉണ്ടായാൽ പോലീസിനെയോ മോട്ടോർ വാഹന വകുപ്പ് അധികൃതരെയോ ഉടൻ വിവരമറിയിക്കുക. ബസ് ജീവനക്കാരോ വിദ്യാർഥികളോ അക്രമത്തിന് മുതിർന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കണം -യോഗം നിർദേശിച്ചു.