കോഴിക്കോട്ട് പോക്സോ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോഴിക്കോട്ട് പോക്സോ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ 


കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകിയെന്നും റൂറൽ എസ് പിയുടെ ഓഫീസ് അറിയിച്ചു. 

കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെ നിരവധി തവണ പീഡിപ്പിച്ചെന്ന പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് വിനോദിനെതിരെ പൊലീസ് കേസെടുത്തത്. കുട്ടികളുടെ അമ്മയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മറ്റൊരു കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരുമാസത്തിലേറെയായി വിനോദ് കുമാർ അവധിലാണ്. വിനോദ് കുമാർ ഒളിവിലാണ്.