ലോകം ഞെട്ടി! ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ

ലോകം ഞെട്ടി! ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച് സൗദി; കണ്ണീരോടെ മിശിഹ


ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിലെ നീലക്കടല്‍ ശാന്തമായി, ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്പരമറിഞ്ഞ് മിശിഹാ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്‍റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.  

മെസി-മാര്‍ട്ടിനസ് ആക്രമണം

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏയ്ഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമേറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് ടാഗ്ലിഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.