വീണ്ടും തോറ്റു; ലോകകപ്പ് നാണക്കേടുമായി ഖത്തർ ഫുട്ബോള്‍ ടീം

വീണ്ടും തോറ്റു; ലോകകപ്പ് നാണക്കേടുമായി ഖത്തർ ഫുട്ബോള്‍ ടീം


ദോഹ: ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതി ഖത്തറിന്. ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ഖത്തർ ഇന്ന് സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും തോല്‍വി രുചിക്കുകയായിരുന്നു. 29-ാം തിയതി നെതർലന്‍ഡ്‍സിന് എതിരെയാണ് ഖത്തറിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. തുടർ തോല്‍വികളോടെ ഖത്തറിന്‍റെ പ്രീക്വാർട്ടർ സാധ്യത തുലാസിലായി.  

അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തറിന് മേല്‍ കരുത്തുകാട്ടുകയായിരുന്നു സെനഗല്‍. ആദ്യ മത്സരത്തില്‍ വിറപ്പിച്ച ശേഷം നെതർലന്‍ഡ്‍സിനോട് 2-0ന്‍റെ തോല്‍വി വഴങ്ങിയ സെനഗല്‍ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുത്തു. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്‍റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്‍റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്‍റെ ആശ്വാസഗോള്‍. ഇതോടെ ആതിഥേയരായ ഖത്തർ പുറത്തേക്കുള്ള വക്കിലായി. 

41-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ഖത്തര്‍ പ്രതിരോധതാരം ഖൗഖിയുടെ പിഴവില്‍ നിന്ന് ദിയ അനായാസം വലകുലുക്കി. രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം രണ്ടാം ഗോള്‍ പിറന്നു. യാക്കോബ് എടുത്തു കോര്‍ണറില്‍ തലവച്ചാണ് ദിദിയു വലകുലുക്കിയത്. ഹെഡ് ചെയ്യാന്‍ മുന്നോട്ട് നീങ്ങിയ ദിദിയു മനോഹരമായി പന്ത് തലകൊണ്ട് ചെത്തിയിട്ടു. 78-ാം മിനിറ്റില്‍ ഖത്തര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഈ ലോകകപ്പില്‍ അവരുടെ ആദ്യ ഗോളാണിത്. മുന്താരിയാണ് ഗോള്‍ മടക്കിയത്. 84-ാം മിനുറ്റില്‍ സെനഗല്‍ മൂന്നാം ഗോളും കണ്ടെത്തി. ബദൗ ഡിയായുടെ അസിസ്റ്റാണ് ബംബയ്ക്ക് ഗോളിന് വഴിയൊരുക്കിയത്.