ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം - ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ചും റോഡ് ഉപരോധവും നടത്തി

ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം  - 
ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ മാർച്ചും റോഡ് ഉപരോധവും നടത്തി ഇരിട്ടി: കുയിലൂരിലെ ജനങ്ങളുടെ സ്വര്യ ജീവിതത്തിന് ഭീഷണി സൃഷ്ടികച്ചുകൊണ്ട് ചിരുകണ്ടാപുരം കുന്നിൽ പ്രവർത്തനം തുടങ്ങിയ കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാകുന്നു. കുയിലൂർ  താഴ് വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  തിങ്കളാഴ്ച്ച ക്വാറിയിലേക്ക് നടത്തിയ മാർച്ചിൽ സത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.      ക്വാറി പ്രദേശത്തുകൂടി പോകുന്ന പഞ്ചായത്ത് റോഡിൽ മാർച്ച്  തടയാനുള്ള പോലീസ് ശ്രമത്തെ ഭേദിച്ച്  പ്രതിഷേധക്കാർ മുന്നോട്ടു നീങ്ങി. ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശ്രീധരന്റെ നേതൃത്വത്തിൽ ആയിരുന്നു  പ്രതിഷേധക്കാർ മുന്നോട്ട് നീങ്ങിയത്.  
ക്വാറി ഉടമകളുടേത് എന്ന് അവകാശപെടുന്ന റോഡിന്റെ അതിർത്തിവരെ ഇവർ മുദ്രാവാക്യം വിളികളുമായി  എത്തിയെങ്കിലും  ഇവിടെ പോലീസ് പ്രതിഷേധക്കാരെ  തടഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാർച്ച് ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. താഴ് വാരം ജനകീയ കർമ്മ സമിതി രക്ഷാധികാരി ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആർ. രാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിഖിൽ മാനുവൽ, ബി.ജെ.പി മണ്ഡലം കോഡിനേറ്റർ പി.പി. സുനിൽ, സി പി എം ലോക്കൽ സെക്രട്ടറി പി. ഷിനോജ്, സി പി ഐ നേതാവ് കെ.ബി. ശിവൻ, ജനതാദൾ മണ്ഡലം പ്രസിഡന്റ് എ.കെ. ദിലീപ് കുമാർ, സംരക്ഷണ സമിതി ഭാരവാഹികളായ കെ.വി. പ്രസൂൺ, അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ക്വാറി പ്രദേശത്തേക്ക് മാധ്യമ പവർത്തകരെ പോലും കടത്തി വിടാതെ സുരക്ഷാ ജീവനക്കാരെ നിർത്തി തടയുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ റോഡിൽ അടുപ്പ് കൂട്ടി കഞ്ഞിവെച്ച് പ്രതിഷേധം ശക്തമാക്കി.
നാലുമീറ്റർ പോലും വീതിയില്ലാത റോഡിലൂടെ വലിയ ലോറികൾ പോകുന്നതിനെതിരെ നടപടിയുണ്ടാകുന്നതുവരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ സമരക്കാർ തീരുമാനിച്ചു. 
പ്രതിഷേധം കനത്തതോടെ സംരക്ഷണ സമിതി ഭാരവാഹികളുമായി പോലീസ് ചർച്ച നടത്തി. പോലീസ് സ്‌റ്റേഷനിൽ വെച്ച് ക്വാറി ഉടമകളും സംരക്ഷണ സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ വലിയ മൂന്ന് ലോറികൾ കടന്നു പോകുന്നത് ഒന്നായി ചുരുക്കാൻ ക്വാറി ഉടമകൾ തെയ്യാറായെങ്കിലും മൂന്ന് ലോറികളും അനുവദിക്കില്ലെന്ന നലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഏറെ ചർച്ചകൾക്കൊടുവിൽ വലിയ ലോറികൾ പൂർണ്ണമായും ഉപയോഗിക്കില്ലെന്ന് ഉറപ്പിലും ജനവാസ മേഖലയിലൂടെ പോകുന്ന വീതി കുറഞ്ഞ പഞ്ചായത്ത് റോഡ് ക്വാറിയിലേക്കുള്ള റോഡായി ഉപയോഗിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ഉറപ്പിലും സമരം അവസാനിപ്പിച്ചു. ക്വാറിയുടെ ലൈസൻസ് റദ്ദാക്കുന്നതിന് നിയമ പരമായി സ്വീകരിക്കേണ്ട മാർഗങ്ങളുമായി മുന്നോട്ട് പോകാനും സംരക്ഷണ സമിതി തീരുമാനിച്ചു.

         ക്വാറിയിലേക്ക്‌ കടന്നു പോകാൻ ഇപ്പോൾ ഉപയോഗിക്കുന്ന റോഡല്ല ക്വാറിക്ക് അനുമതി നൽകിയ  പ്ലാനിൽ ഉള്ളതെന്നാണ് ജനകീയ കർമ്മസമിതി പ്രവർത്തകർ പറയുന്നത്. കല്ല്യാട് നിന്നും ക്വാറിയിലേക്ക് എത്തുന്ന തരത്തിലുള്ള റോഡാണ് പ്ലാനിൽ കാണിച്ചിരിക്കുന്നത് എന്നാണ് അവരുടെ വാദം.   കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നീർത്തടാധിഷ്ടിത വികസന പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയ പ്രദേശമായിരുന്നു ചിരുകണ്ടാപുരം കുന്നിലെ നീറുറവ ഉൾപ്പെടുന്ന പ്രദേശം.  ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയുടെയും ഉത്ഭവ സ്ഥാനം ഉൾപ്പെടുന്ന പ്രദേശത്ത് എങ്ങനെ ക്വാറിക്ക് അനുമതി ലഭിച്ചുവെന്നതിൽ ഏറെ  ദുരൂഹതയാണ് നിലനിൽക്കുന്നത്.  പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഉദ്ധ്യോഗസ്ഥരും പ്രദേശം സന്ദർശിക്കുകയും ചിരുകണ്ടാപുരം തോട് സംരക്ഷിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയിലും ജനകീയാസൂത്രണ പദ്ധതിയിലും ഉൾപ്പെടുത്തി നീർത്തട സംരക്ഷണ പ്രവ്യത്തികൾ നടത്തുകയും ചെയ്തിരുന്നു . അങ്ങിനെയുള്ള  ഈ പ്രദേശത്ത് എങ്ങനെ ക്വാറിക്ക് അനുമതി നൽകിയെന്നത് അടിമുടി ദുരൂഹമാണ്. ക്വാറി മേഖലയിലൂടെ ഒഴുക്കുന്ന നീർച്ചലും വെളളച്ചാട്ടവുമെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള സ്‌കെച്ചും പ്ലാനും ക്വാറിക്ക് അനുമതി നൽകുന്നതിൽ ഉണ്ടാക്കിയതായുള്ള ആരോപണം ബലപ്പെടുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയാണ് ക്വാറിക്ക് അനുമതി നൽകിയത്. എന്നാൽ താൻ പങ്കെടുത്ത യോഗത്തിൽ അനുമതി നൽകിയിട്ടില്ലെന്ന അന്നത്തെ വാർഡ് അംഗം പരസ്യമായി പ്രഖ്യാപിക്കുന്നുമുണ്ട്. ക്വാറിക്ക് അനുമതി നൽകുന്ന  പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ അംഗം കൂടി ഒപ്പിട്ടുകൊണ്ടുള്ള യോഗത്തിന്റെ മിനുട്‌സും പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം ക്വാറിക്ക് അനുമതി നേടിയെടുക്കുന്നതിൽ വൻ ദുരൂഹത ഉണ്ടാക്കുകയാണ്. മേഖലയിൽ തമാസിക്കുന്ന ആദിവാസി കുടുംബങ്ങൾ കുടിവെള്ളമായും മറ്റും നിരുറവയെ ഉപയോഗപ്പെടുത്തുന്ന കാര്യവും ബോധവൂർവ്വം മറച്ചുവെച്ചതായും പറയപ്പെടുന്നുണ്ട്.നിയമ വിരുദ്ധമായി ക്വാറിക്ക് അനുമതി നേടിയെടുക്കുന്നതിൽ ഭരണ തലത്തിലും ഉദ്ധ്യോഗസ്ഥ തലത്തിലും ഇടപെടലുകൾ നടന്നതായുള്ള ആരോപണം ശക്തമാവുകയാണ്.