
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ മെക്കിട്ടുകേറുന്ന മനോഭാവം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വൈഷമ്യം സൃഷ്ടിക്കുകയാണ്. കേന്ദ്രം ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരി കൊടുക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കണ്ണിലെ കരടായ സംസ്ഥാനങ്ങൾക്ക് ന്യായമായത് പോലും നൽകുന്നില്ല. ഇത് നമ്മുടെ രാജ്യത്തിന് ചേരുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ട്രഷറി വകുപ്പിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമപ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്റേത്. കേന്ദ്രം കുത്തകകളുടെ ക്ഷേമം മാത്രം ഉറപ്പാക്കുന്നു. കേരളം പാവപ്പെട്ടവരും അധസ്ഥിതരും അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരും. കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള ആഭ്യന്തര വിഭവം സംസ്ഥാനങ്ങൾ വഴിയാണ് എത്തുന്നത്. അത് കേന്ദ്രത്തിന് മാത്രം അവകാശപ്പെട്ടത് എന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യവും ലോകവും പ്രശംസിക്കുന്നു. എന്നാൽ, ദീർഘകാല ആവശ്യമായ എയിംസ് അനുമതിയുടെ വക്കിൽമാത്രമേ എത്തുന്നുള്ളു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടൂതാനും. എയിംസ് ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌ത്, കേരളത്തിന് എന്ത് അയോഗ്യതയാണെന്നത് കേന്ദ്രം വ്യക്തമാക്കണം. കേരളത്തോടുള്ള നീതികേടുകളിലെ ഉത്തമ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.