ഹക്കീം ഫൈസി അദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം: ആലിക്കുട്ടി മുസ്ലിയാർ

ഹക്കീം ഫൈസി അദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം: ആലിക്കുട്ടി മുസ്ലിയാർ


മലപ്പുറം: ഹക്കീം ഫൈസി അദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണം നടത്തിയ ശേഷമെന്ന് ആലിക്കുട്ടി മുസ്ലിയാർ. ഇദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി യോഗത്തിൽ ആരും ഇക്കാര്യത്തിൽ എതിർപ്പറിയിച്ചിരുന്നില്ലെന്നും ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ ചേളാരിയിൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ പദവിയിൽ നിന്നും നീക്കിയ സംഭവത്തിൽ വിശദീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ്ലിയാർ. സമസ്ത ആശയങ്ങൾക്ക് വിരുദ്ധമായത് ചിലർ പ്രചരിപ്പിച്ചുവെന്ന് ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി. അതാണ്‌ പുരോഗമനം എന്ന് സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് എന്ന  സംഘടനയുമായുള്ള തർക്കത്തിനൊടുവിലാണ്  അതിന്റെ ജനറൽ സെക്രട്ടറിയായ ഹക്കിം ഫൈസി ആദൃശ്ശേരിയെ സമസ്ത പുറത്താക്കിയത്. സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്നടക്കം വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നെല്ലാം ആദ‍ൃശ്ശേരിയെ നീക്കി. 
നടപടിയോട് ഹക്കിം ഫൈസിയുടെ പ്രതികരണം മയത്തിലായിരുന്നു. 

ഏറെ നാളുകളായി സമസ്തയും ഹക്കിം ഫൈസിയും തമ്മിൽ തർക്കത്തിലായിരുന്നു. മതപഠന വിദ്യാർത്ഥികൾക്കായുള്ള വാഫി കോഴ്സുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളെ  കോഴ്സ് പൂർത്തിയാകും മുൻപ്  വിവാഹം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന തർക്കമാണ് ആദ്യമുണ്ടായത്. പിന്നീട് സമസ്ത പ്രത്യേക പെരുമാറ്റച്ചട്ടം ഉണ്ടാക്കി കോർഡിനേഷനെ നിയന്ത്രിക്കാൻ ശ്രമിച്ചു. തിരിച്ചടിയെന്നോണം  കോർഡിനേഷനിൽ നിന്ന് പ്രമുഖ സമസ്ത പക്ഷപാതികളെ നീക്കി. 

പിന്നീട് കോളേജുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടങ്ങി. ഈ തർക്കത്തിൽ തുടക്കം മുതൽ ലീഗും പാണക്കാട് കുടുംബവും കോർഡിനേഷനും ഹക്കിം ഫൈസിക്കും ഒപ്പമായിരുന്നു. സമസ്ത വിലക്കിയിട്ടും കോഴിക്കോട്ടെ കലോത്സവം പാണക്കാട് കുടുംബം നേരിട്ട് നടത്തിയിരുന്നു. ഇതിനൊക്കെയുള്ള തിരിച്ചടിയെന്നോണമാണ് ഇപ്പോൾ ആദൃശ്ശേരിയെ പുറത്താക്കിയത്. മുസ്ലിം ലീഗുമായി നേരത്തെ വഖഫ് വിഷയത്തിലും സമസ്ത നേരിട്ട് ഇടഞ്ഞിരുന്നു.