ഫേസ്ബുക്ക് സുഹൃത്ത് 'വിലകൂടിയ' സമ്മാനം അയച്ചു; കൈപ്പറ്റാന്‍ യുവതി നല്‍കിയത് 10 ലക്ഷം രൂപ

ഫേസ്ബുക്ക് സുഹൃത്ത് 'വിലകൂടിയ' സമ്മാനം അയച്ചു; കൈപ്പറ്റാന്‍ യുവതി നല്‍കിയത് 10 ലക്ഷം രൂപ


ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും അജ്ഞാതൻ തട്ടിയെടുത്തത് പത്തുലക്ഷം രൂപ. പഞ്ചാബില്‍  നിന്നുമാണ് പുതിയ തട്ടിപ്പ് വാർത്ത പുറത്ത് വരുന്നത്. മന്‍പ്രീത് കൗര്‍ എന്ന അമൃത്‌സർ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും  ഇയാള്‍ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

യുകെ പൗരനാണെന്ന് പരിചയപ്പെടുത്തിയാണ്  യുവാവ് മന്‍പ്രീത് കൗറുമായി ചങ്ങാത്തം സ്ഥാപിച്ചത്. മാസങ്ങള്‍ക്കു മുന്‍പാണ് യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. ആദ്യമൊന്നും യുവതി റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും പിന്നീട്  സ്ഥിരമായി ചാറ്റ് ചെയ്ത് യുവതിയെ തന്റെ വലയില്‍ വീഴ്ത്തുകയുമായിരുന്നു.


ഉടന്‍തന്നെ നാട്ടിലേക്ക് വരുന്നുണ്ടെന്നും അപ്പോള്‍ നേരില്‍ കാണാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ താന്‍ നാട്ടിലേക്ക് വരുന്നതിനു മുന്‍പായി ഒരു വിലപിടിപ്പുള്ള സമ്മാനം നാട്ടിലേക്ക് അയച്ചിട്ടുണ്ട് ഒന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. കസ്റ്റംസിന്റെ കയ്യില്‍ നിന്നും അത് നേരിട്ട് വാങ്ങണം എന്നും പറഞ്ഞ ഇയാൾ തൊട്ടടുത്ത ദിവസം, ആ  സമ്മാനം കൈപ്പറ്റാന്‍ പത്തുലക്ഷം  രൂപ കസ്റ്റംസിന് അടക്കണമെന്നാണ് യുവതിയോട് പറഞ്ഞത് .

ആദ്യം യുവതി മടിച്ചെങ്കിലും കോടിക്കണക്കിന് രൂപ വിലയുള്ള സമ്മാനമാണ് താന്‍ യുവതിക്കായി നാട്ടിലേക്ക് അയച്ചിരിക്കുന്നത് എന്നും  അതുകൊണ്ട് 10 ലക്ഷം രൂപ ഒരിക്കലും ഒരു നഷ്ടമാകില്ല എന്നുമായിരുന്നു ഇയാളുടെ വാദം. മാത്രമല്ല താന്‍ യുകെയില്‍ ആയതിനാല്‍ തനിക്ക് പണം അടയ്ക്കാന്‍ സാധിക്കില്ല എന്നും യുവതിയോട് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

Also read- ഹിന്ദു വനിതയെ പാക്കിസ്ഥാനിൽ അതിക്രൂരമായി കൊല്ലപ്പെടുത്തി; തൊലി ചെത്തിമാറ്റിയ നിലയിൽ; നടപടി വേണമെന്ന് ഇന്ത്യ

തൊട്ടടുത്ത ദിവസം ഇയാള്‍ യുവതിയോട് പണം മുന്‍കൂറായി അടച്ചാല്‍ മാത്രമേ കസ്റ്റംസ് സാധനം വിട്ടുതരികയുള്ളൂ എന്നും അത് ഇപ്പോള്‍ തന്നെ ഓണ്‍ലൈനായി അടച്ചു കൊടുക്കണം എന്നും ആവശ്യപ്പെട്ടു. ഇതിനാല്‍ ഇതിനായി അയാള്‍ യുവതിക്ക് ഒരു ലിങ്കും നല്‍കി. ഇത് വിശ്വസിച്ച യുവതി പണം അയാള്‍ നിര്‍ദ്ദേശിച്ചത് പോലെ ആ ലിങ്ക് വഴി അടച്ചു . എന്നാല്‍ അതിനുശേഷം അയാളുടെ ഒരു വിവരവും ഉണ്ടായില്ല.

ഇതോടെയാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസ്സിലായത്. ഇതേ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിയുമായി എത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടുന്ന വാര്‍ത്തകള്‍ ഒരു സ്ഥിര കാഴ്ച്ചയാണ്. വ്യാപകമായി ബോധവല്‍ക്കരണം നടക്കുമ്പോഴും  ചതിക്കുഴികളില്‍ വീഴുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.