പാചകവാതക വിതരണത്തിൽ ആശ്വാസം; സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം; പുതിയ മാറ്റം പങ്കുവച്ച് സുരേഷ് ഗോപി

പാചകവാതക വിതരണത്തിൽ ആശ്വാസം; സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രം; പുതിയ മാറ്റം പങ്കുവച്ച് സുരേഷ് ഗോപി


പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവിൽ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമാണ് റീഫിൽ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള.

എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് (സിലിണ്ടർ ബുക്ക് ചെയ്തിട്ടും വിതരണം ചെയ്യാൻ ബാക്കിയുള്ള റീഫിൽ അപേക്ഷകളുടെ എണ്ണം) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്. പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം.

തിങ്കളാഴ്‌ച മുതൽ ഇളവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര പെട്രോളിയം-പ്രകൃതിവാകത മന്ത്രാലയം നൽകി. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള.
എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്.
ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.