
ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉണർവ്വ് തുടരാൻ തീരുമാനിച്ച് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി. രാഹുലിന്‍റെ യാത്ര വലിയ വിജയമാണെന്ന് വിലയിരുത്തിയ കോൺഗ്രസ് സമാന രീതിയിലുള്ള പ്രചരണം തുടരാനുള്ള നീക്കത്തിലാണ്. ഇതിന്‍റെ ആദ്യ പടിയായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് ആരംഭിക്കുക. അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാർച്ച് നീണ്ടുനിൽക്കുക. അതായത് ജനുവരി 26 ന് തുടങ്ങി മാര്‍ച്ച് 26 ന് സമാപിക്കുന്ന നിലയിലായിരിക്കും കാര്യങ്ങൾ മുന്നോട്ടു പോകുക. പ്രിയങ്ക നയിക്കുന്ന മഹിളാ മാര്‍ച്ച് എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലൂടെ സഞ്ചരിക്കും. പ്രിയങ്കയുടെ മഹിളാ മാർച്ച് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിലാകും തീരുമാനിക്കുക.
അതേസമയം തന്നെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം താഴേക്കെത്തിക്കാനും ദില്ലിയില്‍ ഇന്ന് ചേര്‍ന്ന എ ഐ സി സി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഇതിനായി ബ്ലോക്ക് തലം മുതല്‍ ഹാഥ്സേ ഹാഥ് ജോഡോ അഭിയാന്‍ എന്ന പേരില്‍ പദയാത്രകള്‍ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആമുഖ പ്രസംഗത്തിൽ പരാമർശം നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര വലിയ വിജയമാണെന്ന സന്ദേശമാണ് ഖാർഗെ പകർന്നു നൽകിയത്. ഭാരത് ജോഡോ യാത്ര ദേശീയ പ്രസ്ഥാനത്തിന്‍റെ രൂപത്തിലേക്ക് മാറിയിരിക്കുന്നു എന്ന് പറഞ്ഞ ഖാർഗെ, ഒരു കാലത്ത് കോൺഗ്രസിന്‍റെ വിമർശകരായിരുന്നവർ പോലും യാത്രക്കൊപ്പം ചേരുന്ന കാര്യവും ചൂണ്ടികാട്ടി. ഭാരത് ജോഡോ യാത്രയെ നോക്കികാണുന്നവർ ഇക്കാര്യങ്ങൾ കാണാതെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി രണ്ടാം പകുതിയില്‍ നടത്താനും ഇന്ന് ചേര്‍ന്ന എ ഐ സി സി സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഛത്തീസ്ഘട്ടിലെ റായ്പൂരില്‍ മൂന്ന് ദിവസമായിട്ടാകും പ്ലീനറി സമ്മേളനം നടക്കുക. ഈ സമ്മേളനത്തോടെ പുതിയ പ്രവര്‍ത്തക സമിതിയടക്കം നിലവില്‍ വരും.