കറിവെക്കുന്നതിനിടെ വഴക്ക് കലാശിച്ചത് യുവതിയുടെ കൊലപാതകത്തിൽ;ഭർത്താവ് രണ്ടര വർഷത്തിന് ശേഷം അറസ്റ്റിൽ

കറിവെക്കുന്നതിനിടെ വഴക്ക് കലാശിച്ചത് യുവതിയുടെ കൊലപാതകത്തിൽ;ഭർത്താവ് രണ്ടര വർഷത്തിന് ശേഷം അറസ്റ്റിൽ



മാനന്തവാടി: മേപ്പാടിയിൽ രണ്ടര വർഷം മുമ്പ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിലായി. മേപ്പാടി ചൂരൽമലയിൽ പൂക്കാട്ടിൽ ഹൌസിൽ അബ്ദുൾ സമദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകൾ ഫർസാനയുടെ മരണം കൊലപാതകണമെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അബ്ദുൽ സമദിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ അബ്ദുൽ സമദിനെ ഏറെക്കാലത്തെ തിരച്ചലിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020 ജൂൺ എട്ടിനാണ് ഫർസാനയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ രണ്ടാംമൈലിലെ വാടകവീട്ടിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഫർസാനയുടെ പിതാവ് മേപ്പാടി റിപ്പണിലെ പോത് ഗാർഡനിൽ അബ്ദുള്ളയും ഭാര്യ ഖമറുന്നിസയുടെ മകളുടെ മരണം സംശയാസ്പദമാണെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് ഫർസാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കറി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇക്കാര്യം ചോദ്യം ചെയ്യലിനിടെ പ്രതി പൊലീസിനോട് സമ്മതിച്ചു. ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണെന്നും, ജീവനുള്ളതുകൊണ്ട് താൻ അഴിച്ചിറക്കുകയായിരുന്നുവെന്നുമാണ് അബ്ദുൽ സമദ് അന്ന് പറഞ്ഞത്. സംഭവസമയം ഇവരുടെ രണ്ടര വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു.

എപ്പോഴും ഫോണിൽ വിളിക്കാറുണ്ടായിരുന്ന മകളുടെ മരണ വിവരം ഏറെ വൈകിയാണ് തങ്ങളെ അറിയിച്ചതെന്ന് പിതാവ് അബ്ദുള്ള പറയുന്നു. പിറ്റേദിവസം വൈകുന്നേരം വരെ മകളുടെ മൃതദേഹം തന്നെ കാണിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. ഗൂഡല്ലൂർ പൊലീസും മകളുടെ ഭർത്താവും ചേർന്നാണ് മൃതദേഹം കാണാൻ അനുവദിക്കാതിരുന്നതെന്നും അബ്ദുള്ള പറഞ്ഞു.

മകൾ ഗർഭിണിയായിരുന്നപ്പോൾ മരുമകന്‍റെ ആവശ്യപ്രകാരം ഗൂഡല്ലൂരിൽ മൊബൈൽ കട തുടങ്ങാൻ സാമ്പത്തികസഹായം ചെയ്തിരുന്നതായി അബ്ദുള്ള പറഞ്ഞു. പ്രസവശേഷം വാടകവീട് എടുത്തു നൽകിയതും താനാണ്. ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നൽകിയിരുന്നതായും ഇദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2017 ഓഗസ്റ്റ് 15നായിരുന്നു അബ്ദുൽ സമദും ഫർസാനയും വിവാഹിതരായത്.