
കോഴിക്കോട് : പേരാമ്പ്രയിൽ വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മേപ്പാടി പോളി ടെക്‌നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്.
രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. നെഞ്ചിന് ഗുരതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്.
ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയിൽ
എസ്എഫ്ഐ പ്രവർത്തകയെ മർദ്ധിച്ച കേസിൽ റിമാൻഡിൽ കഴിയന്ന പ്രതികളുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ. കോഴിക്കോട് വൈക്കിലശ്ശേരി സ്വദേശി അതുൽ, ഏറാമല സ്വദേശി കിരൺ രാജ് എന്നിവരുടെ ബൈക്കുകളാണ് തീവച്ചത്.