ഉമ്മയെ സംരക്ഷിച്ചില്ല; മകളേയും കുടുംബത്തേയും ഒഴിപ്പിച്ചു

ഉമ്മയെ സംരക്ഷിച്ചില്ല; മകളേയും കുടുംബത്തേയും ഒഴിപ്പിച്ചു



കണ്ണൂർ: മകള്‍ സംരക്ഷിക്കുന്നില്ലെന്ന ഉമ്മയുടെ പരാതിയില്‍ മകളേയും കുടുംബത്തേയും ഉമ്മയുടെ വീട്ടില്‍ നിന്നും ഒഴിപ്പിച്ചു. കൊറ്റാളി അത്താഴക്കുന്ന് റഹ്‌മാനിയ മസ്ജിദിന് സമീപം പുതിയപുരയില്‍ താമസിക്കും പിപി സാജിദ ,ഭര്‍ത്താവ് മൊയ്തീന്‍ എന്നിവരടങ്ങുന്ന കുടുംബത്തെയാണ്  സാജിതയുടെ ഉമ്മയും പുതിയപുരയില്‍ വീടിന്റെ അവകാശിയുമായ പി പി ജമീലയുടെ പരാതിയില്‍ ഒഴിപ്പിച്ചത്. 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പ് വരുത്തുന്ന നിയമമനുസരിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ ഒഴിപ്പിച്ചത്.

ജമീലയുടെ പരാതിയില്‍ സാജിതയും കുടുംബവും പുതിയപുരയില്‍ വീട്ടില്‍ നിന്നു 20 ദിവസത്തിനകം ഒഴിയണമെന്ന് തലശ്ശേരി മെയിന്റന്‍സ് ട്രിബ്യൂണല്‍ 2020 ഫെബ്രവരി ആറിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ വീട് ഒഴിയാത്തതിനെതുടര്‍ന്ന് ജമീല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇരുകക്ഷികളേയും കേട്ട കോടതി ഉചിതമായ തീരുമാനം നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

തുടര്‍ന്ന് 2021 ജനുവരി 27നും ഫെബ്രവരി 15 നും ഇരു കക്ഷികളേയും കേട്ട ജില്ലാ കലക്ടര്‍ ഹര്‍ജികള്‍ തീര്‍പ്പാക്കി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീടൊഴിയാന്‍ ഒഴിയാന്‍ 2021 ജൂണ്‍ 21 ന് ഉത്തരവിട്ടു. എന്നിട്ടും വീടൊഴിയാന്‍ മകളും കുടുംബവും തയ്യാറായില്ല. 

കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജമീല വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വാദം കേട്ട കോടതി രണ്ട് മാസത്തിനുള്ളില്‍ കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് സാജിതയേയും കുടുംബത്തേയും ഒഴിപ്പിച്ചത്. കുടുംബത്തിന്റെ വകയുള്ള അഞ്ചു സെന്റ് ഭൂമി സാജിതയുടെ പേരില്‍ രണ്ടാഴ്ചയ്ക്കകം നല്‍കുന്നതിനും സാജിതയ്ക്ക് താമസിക്കുന്നതിനുള്ള വാടക വീട് ഒരുക്കുന്നതിനും നടപടിയെടുത്തതായി ആര്‍ ഡി ഒ അറിയിച്ചു.