ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽഉളിക്കൽ:  ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിലും പുറവയലിലും കണ്ട കടുവയെത്തേടി ശനിയാഴ്ച രാത്രിമുഴുവൻ തിരച്ചിൽ നടത്തി.വയത്തൂർ, അട്ടറഞ്ഞി ഭാഗങ്ങളിലാണ് സെർച്ച് ലൈറ്റുൾപ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തിയത്. വിസ്തൃതമായ റബ്ബർത്തോട്ടവും കശുമാവിൻ തോട്ടവുമുള്ള വിജനമായ പ്രദേശമാണിത്. 

മൂസാൻപീടിക റോഡിൽനിന്ന് റബ്ബർ തോട്ടത്തിലൂടെ വയത്തൂർ ഭാഗത്തേക്ക് കടുവ കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഈ മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയത്.ഉളിക്കൽ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും തിരച്ചിലിൽ പങ്കെടുത്തു.

എന്നാൽ സൂചനകളൊന്നും ലഭിച്ചില്ല. മാട്ടറ ഭാഗത്തും തിരച്ചിൽ നടത്തി.വരുംദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജിയും ഉളിക്കൽ സി.ഐ. കെ.സുധീറും പറഞ്ഞു. നാട്ടുകാർ ജാഗ്രത തുടരുന്നുണ്ട്.അതിരാവിലെ നടത്താറുള്ള റബ്ബർ ടാപ്പിങ് മിക്കവരും നിർത്തിവെച്ചു.