
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാൻ സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായിലും അവരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിന് നോക്കി നിൽക്കാം. കേന്ദ്രസേനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തലകുനുക്കിയതോടെ കേന്ദ്രസർക്കാർ ബുധനാഴ്ച കോടതിയിൽ നിലപാടറിയിക്കും.
എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയിൽ ഉന്നയിച്ചതിനാൽ സർക്കാരിന് കൈകഴുകി നോക്കി നിൽക്കാം. സംസ്ഥാനത്ത് പല വൻകിട പദ്ധതികൾക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാൽ സമ്മതം മൂളിയെന്ന് പൊതുവിൽ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താൽ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെ വന്നാൽ എല്ലാം കേന്ദ്രസേനയുടെ തലയിൽ ചാർത്തി സംസ്ഥാന സർക്കാരിന് തന്ത്രപരമായി രക്ഷപെടാം.