കൊറിയൻ യുവതിക്ക് നേരെ മുംബൈയിൽ പീഡന ശ്രമം; ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി
ഇന്ത്യയിലുള്ള ദക്ഷിണകൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുത് എന്ന് ദക്ഷിണ കൊറിയൻ എംബസി. സുരക്ഷ കണക്കിലെടുത്താണ് രാത്രി പുറത്തിറങ്ങരുത് എന്ന് ആവശ്യപ്പെടുന്നത് എന്നും എംബസി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ ഒരു കൊറിയൻ യൂട്യൂബർക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ന​ഗരങ്ങളിലൊന്ന് എന്ന് വിശേഷിക്കപ്പെടുന്ന ന​ഗരമാണ് മുംബൈ. അവിടെ വച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതി യുവതിയെ തൊടാനും ഉമ്മ വയ്ക്കാനും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമിക്കുകയായിരുന്നു. യുവതി ഇതിനെ ചെറുക്കാൻ ശ്രമിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വളരെ വേ​ഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.

അതേസമയം തന്നെ റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചോ ഇല്ലയോ എന്നത് അറിയില്ല, അത് പരിശോധിക്കേണ്ടിവരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവായ അരിന്ദം ബാഗ്ചി പറഞ്ഞു. 'സംഭവത്തിന്റെ പൂർണവിവരം അറിയേണ്ടതുണ്ട്. കാര്യങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രാദേശിക അധികാരികൾ ആവശ്യപ്പെടുന്ന എല്ലാ കരുതലും സംരക്ഷണവും യുവതിക്ക് നൽകും. ഇതൊരു കോൺസുലർ പ്രശ്നമായി മാറുകയാണ് എങ്കിൽ തങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള എല്ലാ പങ്കാളിത്തവും ഉണ്ടാകും' എന്നും ബാ​ഗ്ചി പറഞ്ഞു.