അമേരിക്കയെ ഖത്തറിൽ നിന്ന് തുരത്തി ഡച്ച് പട!! വാൻ ഹാലിന്റെ ഓറഞ്ച് ആർമി ക്വാർട്ടറിൽ

അമേരിക്കയെ ഖത്തറിൽ നിന്ന് തുരത്തി ഡച്ച് പട!! വാൻ ഹാലിന്റെ ഓറഞ്ച് ആർമി ക്വാർട്ടറിൽ


ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ എത്തുന്ന ആദ്റ്റ ടീമായി നെതർലന്റ്സ്. ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ അമേരിക്കയെ നേരിട്ട ഡച്ച് പട ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് നേടിയത്‌. ഒരു ഗോളും രണ്ട് അസിസ്റ്റും നൽകിയ ഫുൾബാക്ക് ഡംഫ്രെസ് ആണ് വാൻ ഹാലിന്റെ ടീമിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചത്‌. മെംഫിസ് ഡിപായും ബ്ലിൻഡും ആണ് ഇന്നത്തെ മറ്റു സ്കോറേഴ്സ്.

ഇന്ന് ശക്തമായ ലൈനപ്പുമായാണ് ഹോളണ്ട് ഇറങ്ങിയത്. അവർ മത്സരം ആരംഭിച്ച് 10ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. കോഡി ഗാക്പോ വലതു വിങ്ങിലേക്ക് നൽകിയ പാസ് സ്വീകരിച്ച് ഡംഫ്രൈസ് ബോക്സിലേക്ക് കൈമാറിയ പാസ് ഡിപായ് വലയിലേക്ക് തൊടുത്തു വിട്ടു. താരത്തിന്റെ 42ആം അന്താരാഷ്ട്ര ഗോൾ ആയിരുന്നു ഇത്. 20 പാസുകളുടെ ബിൽഡ് അപ്പിനു ശേഷമായിരുന്നു ഈ ഗോൾ.

21ആം മിനുട്ടിൽ വീണ്ടും ഹോളണ്ടിന് ഒരു അവസരം ലഭിച്ചു. പക്ഷെ ഇത്തവണ ഡിപേക്ക് ലക്ഷ്യം കാണാൻ ആയില്ല‌. ആദ്യ ഗോൾ മാറ്റി നിർത്തിയാൽ അധികം അവസരങ്ങൾ പിറക്കാത്ത ആദ്യ പകുതിയാണ് ഇന്ന് ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ കാണാൻ ആയത്. 42ആം മിനുട്ടിലെ ടിം വിയയുടെ ഷോട്ട് ആണ് അമേരിക്കയുടെ ഏക നല്ല ഗോൾ ശ്രമം. ഇത് നൊപേർട് സേവ് ചെയ്യുകയും ചെയ്തു‌.

ഹാഫ് ടൈമിന്റെ ഇഞ്ച്വറി ടൈമിൽ ഡംഫ്രെസ് നൽകിയ പാസ് സ്വീകരിച്ച് ഡിപായ് ഹോളണ്ടിന്റെ രണ്ടാം ഗോൾ നേടിയതോടെ ഹാഫ് ടൈം വിസിൽ വന്നു.

രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശകരമായി. അമേരിക്ക അറ്റാക്കിലേക്ക് തിരിഞ്ഞതോടെ കൂടുതൽ അവസരങ്ങൾ ഇരുവശത്തേക്കും വരാൻ തുടങ്ങി. 61ആം മിനുട്ടിൽ ഡിപായുടെ ഷോട്ട് ഒരു ഫുൾ സ്ട്രെച്ച് സേവിലൂടെ ആണ് ടർണർ രക്ഷിച്ചത്. 72ആം മിനുട്ടിൽ ഒരു ഡബിൾ സേവും അമേരിക്കൻ കീപ്പർ നടത്തി.

ഈ സേവുകൾ ഒക്കെ അമേരിക്കയ്ക്ക് ഉപകാരമായി. 76ആം മിനുട്ടിൽ ഹാജി റൈറ്റിലൂടെ അമേരിക്കയുടെ ആദ്യ ഗോൾ വന്നു. പുലിസികിന്റെ ഒരു പാസ് ഒരു ഫ്ലിക്കിലൂടെയാണ് റൈറ്റ് ലക്ഷ്യത്തിൽ എത്തിച്ചത്‌. സ്കോർ 2-1.

ഡച്ച് പട ഒന്ന് വിറച്ചു എങ്കിലും 81ആം മിനുട്ടിൽ ഡംഫ്രൈസിന്റെ ഫിനിഷ് അവരുടെ രണ്ട് ഗോൾ ലീഡ് തിരികെ നൽകി. ഡംഫ്രെസിന് ഇതോടെ ഈ മത്സരത്തിൽ 1 ഗോളും 2 അസിസ്റ്റും ആയി. ബ്ലിബ്ഡിന്റെ ഒരു ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു ഡംഫ്രെസിന്റെ ഗോൾ.

ഈ ഗോൾ നെതർലന്റ്സിന്റെ വിജയം ഉറപ്പിച്ചു. ഇനി അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും അവർ ക്വാർട്ടറിൽ നേരിടുക.