കടുവയെ കണ്ട നടുക്കം മാറാതെ മുണ്ടയാം പറമ്പിലെ ജയന്തി

കടുവയെ കണ്ട നടുക്കം മാറാതെ മുണ്ടയാം പറമ്പിലെ ജയന്തി 



ഇരിട്ടി : ബുധനാഴ്ച വൈകുന്നേരം വനം വകുപ്പധികൃതരുടെ  നിരീക്ഷണത്തിനിടെ മുണ്ടയാംപറമ്പിലെ  കൃഷിയിടത്തിൽ നിന്നും രക്ഷപ്പെട്ട കടുവ നേരെ ചെന്നെത്തിയത് മുണ്ടയാം പറമ്പിലെ വെള്ളപ്പാട്ട്  ജയന്തിയുടെ വീട്ടിനു മുന്നിലായിരുന്നു. വീട്ടിന് മുന്നിലൂടെ പോകുന്ന മുണ്ടയാംപറമ്പ് - ആനപ്പന്തി  റോഡിൽ നിന്നും ഉയര്ന്നു നിൽക്കുന്ന പ്രദേശത്താണ് ജയന്തിയുടെ വീട്. റോഡിനു സമീപത്തുനിന്നും കേൾക്കുന്ന ബഹളവും മറ്റും ശ്രദ്ധിച്ച് മകൻ സനീഷിനൊപ്പം മുറ്റത്ത് നിൽക്കുകയായിരുന്ന ജയന്തി. പെട്ടെന്നാണ്    തൊട്ടടുത്ത് പതിനഞ്ച് മീറ്ററോളം അകലെ  കടുവ  നിൽക്കുന്നതായി ജയന്തിയും മകനും കാണുന്നത്. അൽപ്പം ഉയർന്ന പ്രദേശത്തെ ഇരുവശത്തും കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്ന നടവഴിയിലൂടെ താഴേക്കിറങ്ങാൻ ശ്രമിക്കുന്ന കടുവ ഇവരെ കണ്ടതോടെ അവിടെ നിൽക്കുകയായിരുന്നു.   കടുവയെ  നേരിൽകണ്ടതോടെ ജയന്തി ഭയന്നോടി വീടിനകത്തേക്ക് കയറി.  ബുധനാഴ്ച രാത്രി പൂർണമായും ഇവർ വീട്ടിനുള്ളിൽ തന്നെ പുറത്തിറങ്ങാതെ ഇരുന്നു.  സ്വന്തം റബ്ബർ മരങ്ങൾ ഉൾപ്പെടെ ആയിരത്തോളം മരങ്ങൾ സനീഷ് ടാപ്പ് ചെയ്തിരുന്നു. രണ്ടുദിവസമായി ടാപ്പിംഗ് നിർത്തിവെച്ചു. പുലർച്ചെ നാലുമണിക്ക് എഴുന്നേൽക്കുന്ന ഇവർ  ഇന്നലെ ഏഴു മണിക്ക്  ശേഷമാണ് വീടിന് പുറത്തിറങ്ങിയതെന്ന് നൃത്താധ്യാപികയായ ജയന്തി പറഞ്ഞു.