
തുടർന്ന് 9.30 ഓടെ നിദയുടെ സ്കൂളായ എസ്ഡിവി ഗവ.യുപി സ്കൂൾ കാക്കാഴത്തിൽ പൊതുദർശനം നടത്തി. കൂട്ടുകാരും അധ്യാപകരുമായി നിരവധി പേർ നിദയെ അവസാനമായി കാണാൻ സ്കൂൾ മുറ്റത്ത് എത്തി. വീട്ടിലും ധാരാളം പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. കാക്കാഴം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ 11 മണിയോടെയായിരുന്നു ഖബറടക്കം. മരണ കാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കാൻ ഇടപെടൽ നടത്തുമെന്ന് എഎം ആരിഫ് എം പി, എച്ച് സലാം എംഎൽഎ എന്നിവർ പറഞ്ഞു.
നിദ ഫാത്തിമയുടെ മരണത്തിൽ കോടതിയെ സമീപിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കത്ത് നൽകി. അന്വേഷണം നടന്നാൽ വ്യക്തതയുണ്ടാവും. അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരം കായികമേഖലയിൽ വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. അസോസിയേഷനുകളെ നിലയ്ക്കുനിർത്താൻ കേന്ദ്രസർക്കാരിന്റെ സഹായം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
നാഷണൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് നിദ റാത്തിമ നാഗ്പൂരിലെത്തിയത്.
സൈക്കിൾ പോളോ കേരളാ അണ്ടർ 14 ടീമിലെ അംഗമായിരുന്നു നിദ. കോടതി ഉത്തരവോടെ മത്സരത്തിന് എത്തിയ നിദയ്ക്കും സംഘത്തിനും മത്സരിക്കാൻ മാത്രം അനുവാദം നൽകുകയും താമസ സൗകര്യം ഉൾപ്പടെ ഫെഡറേഷൻ നിഷേധിക്കുകയുമായിരുന്നു. താമസത്തിനായി താത്കാലികമായ ഇടം കണ്ടെത്തുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. പുലർച്ചയോടെയാണ് ഛർദ്ദിയെ തുടർന്ന് നിദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണപ്പെടുകയും ചെയ്തത്.