
കണ്ണൂർ: അയ്യപ്പന്മാർക്ക് സ്വീകരണമൊരുക്കി കണ്ണൂർ കരുവഞ്ചാൽ മഹല്ല് കമ്മറ്റി. കെട്ട് നിറച്ച് ശബരിമലയ്ക്ക് പോകുന്ന ഇരുപത്തിയഞ്ചോളം അയ്യപ്പന്മാരെയാണ് പള്ളിയിലേക്ക് ക്ഷണിച്ചു വരുത്തി ഇവർ സ്വീകരണം നൽകിയത്
വെള്ളാട് മഹാദേവ ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ച് ഇരുപത്തിയഞ്ചോളം അയ്യപ്പന്മാരാണ് പള്ളിയിലെത്തിയത്. അവരെ സ്വീകരിക്കാൻ ഒട്ടേറെ ഇസ്‌ലാം മത വിശ്വാസികൾ പള്ളിക്കും മഖാമിനും സമീപത്തായി കാത്തു നിന്നു. ഏഴു മണിക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കെട്ടുനിറയിലുണ്ടായ കാല താമസം ഒരു മണിക്കൂറോളം വൈകാനിടയാക്കി.
ഇശാഅ നമസ്കാരത്തിന് ശേഷം പള്ളിയിൽ നിന്നിറങ്ങിയ പള്ളികമ്മറ്റി ഭാരവാഹികളും വിശ്വാസികളും അയ്യപ്പന്മാരെ കൈപിടിച്ച് മഖാമിലേക്ക് ആനയിച്ചു
ശരണം വിളിയും വാങ്ക് വിളിയും സമന്വയിച്ച ആ രാത്രി മത സൗഹാർദത്തിന്റെ ഈറ്റില്ലമായ കരുവഞ്ചാലിനെ പ്രകാശമാനമാക്കി. ജുമാ മസ്ജിദ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എൻ.യു അബ്‌ദുള്ളയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് സ്വാമിമാർ ന്യൂസ് 18നോട് പറഞ്ഞു.
മഖാമിലെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയും നേർച്ച സമർപ്പിച്ചും മുസ്ലിം സഹോദരങ്ങൾ നൽകിയ ലഘുഭക്ഷണം കഴിച്ചുമാണ് അയ്യപ്പന്മാർ പള്ളിയിൽ നിന്നും മടങ്ങിയത്. അയ്യപ്പനും വാവരും മാത്രമല്ല മനുഷ്യരായി പിറന്നവരെല്ലാം മതത്തിനതീതമായി സ്നേഹിക്കേണ്ടവർ തന്നെയാണെന്നാണ് കരുവഞ്ചാൽ നൽകുന്ന നല്ല പാഠം.