ഷോട്ട്പുട്ട് തലയിൽ വീണു; മാഹിയിൽ സ്കൂൾ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു

മാഹി: സ്കൂളിൽ നിന്ന് ഷോട്ട് പുട്ട് എറിഞ്ഞത് തലയിൽ കൊണ്ട് വിദ്യാർഥി ഗുരുതരാവസ്ഥയിൽ. പളളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ള പറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യ കിരണി (14) നാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്.

ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർഥി എറിഞ്ഞ ഷോട്ട്പുട്ട് അബദ്ധത്തിൽ സൂര്യകിരണിൻ്റെ തലയിൽ കൊള്ളുകയായിരുന്നു. നാല് കിലോ ഭാരമുള്ളതാണിത്.

തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി കോഴിക്കോട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.