റേഷൻ കടകളുടെ പേര് ഇനി കെ-സ്റ്റോർ; റേഷൻ വിതരണത്തിന് ഒപ്പം നിത്യോപയോഗ സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിൽ മാറ്റമെന്ന് മുഖ്യമന്ത്രിസംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് ‘കെ-സ്റ്റോർ’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അർഹരായ എല്ലാവർക്കും ലൈഫ് മിഷൻ വഴി വീട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ വീട് നൽകിയതെല്ലാം അർഹതപ്പെട്ടവർക്കാണ്. കെ ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബിപിഎൽ വിഭാഗത്തിന് നൽകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യനിർമ്മാർജനത്തിൽ അഭിമാനിക്കേണ്ട ഘട്ടത്തിൽ കേരളം എത്തിയെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇതുവരെ സമ്പൂർണ മാലിന്യ നിർമ്മാർജനം പ്രാവർത്തികമായിട്ടില്ല. മാലിന്യം നാടിന് ദോഷം വരുത്തുന്ന പൊതുവായ കാര്യമാണ്. മാലിന്യപ്ലാന്റ് വേണ്ടെന്ന് അതത് പ്രദേശത്തുള്ളവർ തീരുമാനിക്കുന്നത് ശരിയല്ല. അതിനെതിരെ വികാരമുണ്ടായാൽ ശമിപ്പിക്കുകയാണ് എല്ലാവരും ചേർന്ന് ചെയ്യേണ്ടത്. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.