ആംബുലൻസിന്റെ ​ഗ്ലാസ് ഇളക്കിമാറ്റി മൊബൈൽ കവർന്നു; ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയ മലയാളികൾക്ക് ​ദുരിതം

ആംബുലൻസിന്റെ ​ഗ്ലാസ് ഇളക്കിമാറ്റി മൊബൈൽ കവർന്നു; ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയ മലയാളികൾക്ക് ​ദുരിതം


തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിൻ്റെ ഗ്ലാസ് ഇളക്കി മാറ്റി മൊബൈൽ കവർന്നു. തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലൻസ് സർവീസിലെ ആംബുലൻസിൽ നിന്നാണ് മൊബൈൽ കവർന്നത്. തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയി മടങ്ങിയ ആംബുലൻസിലെ ഡ്രൈവറായ സുജിത്തിൻ്റെ ഫോൺ ആണ് നഷ്ടപ്പെട്ടത്. 

ഇന്നലെ രാത്രി വെസ്റ്റ് ബംഗാളിലെ മാൾഡയിലെ ഫറൂക്കി എന്ന സ്ഥലത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് ഫോൺ നഷ്ടപ്പെട്ടത്. വാഹനത്തിൽ മനു, സുജിത്ത് എന്നീ ഡ്രൈവർമാരാണ് ഉണ്ടായിരുന്നത്. രാത്രി പെട്രോൾ പമ്പിന് സമീപം വാഹനം ഒതുക്കി മനു പിൻവശത്തെ ക്യാബിനിലും സുജിത്ത് മുൻ വശത്തെ ക്യബിനിലും വിശ്രമിക്കുകയായിരുന്നു . വാഹനത്തിൻ്റെ ഡോർ ഉള്ളിൽ നിന്ന് പൂട്ടി ആണ് സുജിത്ത് കിടന്നത്. 

മൊബൈൽ ഫോൺ ഡ്രൈവർ ക്യാബിനിലെ ഡാഷ് ബോർഡിലായിരുന്നു സൂക്ഷിച്ചിരുന്നത്. രാവിലെ ഉറക്കം എഴുന്നേറ്റു നോക്കുമ്പോഴാണ് മൊബൈൽ ഫോൺ കവർച്ച ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ ഡോറിലുള്ളള ക്വാർട്ടർ ഗ്ലാസ് ഇളക്കി മാറ്റിയാണ് മൊബൈൽ കവർന്നിരിക്കുന്നത്. പേഴ്സ് ഡാഷ് ബോർഡിൽ പൂട്ടി സൂക്ഷിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. തുടർന്ന് ഇവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സഹായം ലഭിച്ചില്ല എന്ന് പറയുന്നു.


വാഹനങ്ങളിൽ നിന്ന് എൻജിൻ ഓയിൽ, ഇന്ധനം, ടയറുകൾ ഉൾപ്പടെ സാധനങ്ങൾ മോഷണം പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞതായി ആംബുലൻസ് ഡ്രൈവർമാർ പറഞ്ഞു. പൊലീസിൻ്റെ ഭാഗത്ത് നിന്ന് മതിയായ സഹായം ലഭിക്കാതെ വന്നതോടെ ആംബുലൻസ് സംഘം നാട്ടിലേക്ക് തിരിച്ചു. നേരത്തെ, കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടർന്ന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി. മധ്യപ്രദേശിൽ വെച്ചാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ട്രെയിൻതട്ടി മരിച്ച ബിഹാർ പുർണിയ സ്വദേശിയുടെ മൃതദേഹവുമായി പോകുന്നതിനിടെ ജബൽപൂർ - റിവ ദേശീയ പാതയിൽ വച്ചാണ് ആംബുലൻസ് ആക്രമിക്കപ്പെട്ടത്. ചില്ലുകൾ തകർന്നതോടെ യാത്ര തുടരാനാവാത്ത അവസ്ഥയുണ്ടായി