സൗദി അറേബ്യയിൽ നിന്ന് ജൂൺ 25 വരെ ഹജ്ജിന് അപേക്ഷിക്കാം

സൗദി അറേബ്യയിൽ നിന്ന് ജൂൺ 25 വരെ ഹജ്ജിന് അപേക്ഷിക്കാം


റിയാദ്: ഈ വർഷത്തെ ഹജ്ജിന് സൗദി അറേബ്യയിലുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. നിശ്ചിത തീയ്യതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ല. 

ബുക്കിംഗ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശമെത്തും. ഇക്കാര്യം വെ‍ബ്‍സൈറ്റ് വഴയും ആപ്ലിക്കേഷൻ വഴിയും പരിശോധിക്കുകയും ചെയ്യാം. 3,984 റിയാൽ മുതൽ 1,1435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്ന് ഘട്ടമായോ അടക്കാവുന്നതാണ്. പണമടച്ച ശേഷം ആശ്രിതരെ ചേർക്കാൻ സാധിക്കില്ല. ബുക്കിങിന് അപേക്ഷിച്ചാൽ പിന്നീട് ഓൺലൈൻ വഴി റദ്ദാക്കാൻ സാധിക്കില്ല. ഹജ്ജ് ചെയ്യണമെങ്കിൽ ഹജ്ജ് വിസയോ അല്ലെങ്കിൽ സൗദി അറേബ്യയിലെ ഇഖാമയോ വേണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.


വിദേശികൾക്ക് വ്യക്തിഗത ഹജ്ജ് വിസ ഉടൻ; തീർഥാടകർക്ക് ഇൻഷുറൻസ് പദ്ധതിയും
 

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വ്യക്തിഗത ഹജ്ജ് വിസ സേവനം ഉടൻ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, നുസുക് ആപ്ലിക്കേഷൻ വഴിയോ വിസക്ക് അപേക്ഷിക്കാൻ സൗകര്യമൊരുക്കും. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈറ്റ് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രേണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

കൊവിഡ് ചികിത്സയുൾപ്പെടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുവാനും സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന് നീക്കമുണ്ട്. തീർത്ഥാടകരുടെ ഹോട്ടൽ റിസർവേഷനുകൾ, ഗതാഗതം തുടങ്ങിയ മുഴുവൻ സേവനങ്ങളും ഇല്ക്ടോണിക് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. കഴിഞ്ഞ വര്‍ഷം 70 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് മന്ത്രാലയം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 40 ലക്ഷം പേര്‍ വിദേശ രാജ്യങ്ങളിൽ നിന്നും ഉംറ വിസയില്‍ എത്തിയവരാണെന്നും മന്ത്രാലയം വിശദീകരിച്ചു