ഭക്ഷ്യവിഷബാധ; കുഴിമന്തിയടക്കം കഴിച്ച് 68പേര്‍ ആശുപത്രിയില്‍, പറവൂരിലെ മജ്‌ലിസ് ഹോട്ടല്‍ അടപ്പിച്ചു

ഭക്ഷ്യവിഷബാധ; കുഴിമന്തിയടക്കം കഴിച്ച് 68പേര്‍ ആശുപത്രിയില്‍, പറവൂരിലെ മജ്‌ലിസ് ഹോട്ടല്‍ അടപ്പിച്ചു


പറവൂര്‍: എറണാകുളം പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയടക്കം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 68 പേര്‍ ചികിത്സ തേടി. പറവൂർ താലൂക്ക് ആശുപത്രിയിൽ മാത്രം 28 പേർ ചികിത്സ തേടിയിട്ടുണ്ട്. തൃശൂരില്‍ പന്ത്രണ്ട് പേരും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിട്ടുണ്ട്.

യാത്രയ്ക്കിടെ ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നാല് കോഴിക്കോട് സ്വദേശികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.ബിനോയിയുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ നടപടികള്‍ എടുക്കാനാകൂ എന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് പറവൂർ ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെത്തി ആളുകൾ കുഴിമന്തിയും ഷവർമ്മ ഉൾപ്പെടെയുള്ള വിഭവങ്ങളും കഴിച്ചുമടങ്ങിയത്. രാവിലെയോടെ ആറു പേർക്ക് ഛർദ്ദി ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് ഇവർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. ഉച്ചയോടെ ഹോട്ടലിലെത്തിയ ഭക്ഷ്യസുരക്ഷാവിഭാഗ ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചെങ്കിലും ഇന്നലെ വിതരണം ചെയ്ത ഭക്ഷണം കണ്ടെത്താനായില്ല.

ചെറിയ രീതിയിൽ ശർദ്ദിയും ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള മറ്റു ചില പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി മടങ്ങി. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.