ഇടുക്കിയിൽ യുവാവ് നാൽപതു മണിക്കൂറോളം വനത്തിനുളളിൽ; ജീവൻ നിലനിർത്തിയത് പുഴയിലെ വെള്ളം കുടിച്ച്

ഇടുക്കിയിൽ യുവാവ് നാൽപതു മണിക്കൂറോളം വനത്തിനുളളിൽ; ജീവൻ നിലനിർത്തിയത് പുഴയിലെ വെള്ളം കുടിച്ച്


  • ഇടുക്കി: കാട്ടാനകൾ ഉളള വനത്തിനുളളിൽ യുവാവ് ഒറ്റപ്പെട്ടു പോയതുനാൽപതു മണിക്കൂറോളം. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് വനത്തിൽ അകപ്പെട്ട് പോയത്. നീണ്ട ദുരിതയാത്രയ്ക്കു ശേഷം ഇന്നലെ രാവിലെയാണു ജോമോൻ ജനവാസമേഖലയിലെത്തി.

വെള്ളിയാഴ്ച ഉച്ചയോടെ ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസും (30) ചേർന്ന് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയത്. രണ്ടുവഴിക്കു പിരിഞ്ഞ ഇവരില്‍ ജോമോനെ കാണാതാവുകയായിരുന്നു.

ജോമോന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫായതു കാരണം വിളിച്ച് കിട്ടാതായതോടെ അനീഷ് പൊലീസിനെ അറിയിക്കുകയായിരുന്നു.ഇതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ട ജോമോൻ ഓടി രക്ഷപ്പെട്ട് ഒരു അരുവിയിലെത്തി ഇവിടെ വച്ചു മൊബൈലിന്റെ ചാർജ് പോയി. ഇരുട്ടായതോടെ ഒരു മരത്തിൽ കയറി ഇരുന്നു. നേരം വെളുത്തപ്പോൾ പുഴയോരത്തു കൂടി താഴേക്കു നടന്നു.

ആനപ്പേടിയിൽ എല്ലാം മറന്നു നടന്നു. നടന്നു മടുത്തപ്പോൾ പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചു. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തിൽ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടർന്നു. ഒടുവിൽ രാവിലെ ഏഴരയോടെ മലയിഞ്ചിയിൽ എത്തിയെന്നും ജോമോൻ പറയുന്നു