മട്ടന്നൂര്‍ റോഡ് വികസനം: ജനങ്ങളുടെ ആശങ്ക അകറ്റണം*

*മട്ടന്നൂര്‍ റോഡ് വികസനം: ജനങ്ങളുടെ ആശങ്ക അകറ്റണം*മട്ടന്നൂര്‍ : തലശ്ശേരി - പിണറായി - മട്ടന്നൂര്‍ റോഡ് വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുന:പരിശോധിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വാഴാന്തോട് മുതല്‍ എയര്‍പോര്‍ട്ട് വരെ ഒരു ഭാഗത്തെ നിരവധി വീടുകളുടെ ഭാഗങ്ങള്‍ ഭാഗികമായി പോകും. കഴിഞ്ഞ ദിവസം അളവെടുത്ത ഭാഗങ്ങളില്‍ കുറ്റിയടിച്ചു. വീട്ടുകാര്‍ക്ക് യാതൊരു നോട്ടീസും നല്‍കാതെയാണ് നടപടികള്‍ തുടരുന്നത്. ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. 
ജനങ്ങളെ ബോധ്യപ്പെടുത്താതെ സര്‍വ്വേനടപടികള്‍ നടത്തുന്നത് ശരിയല്ല. റോഡിന്റെ ഒരു വശത്ത് മാത്രം സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 30 ഓളം വീടുകള്‍ ഭാഗികമായി നഷ്ടപ്പെടുകയാണ്. ഇതിനു പകരം റോഡിന്റെ ഇരുവശങ്ങളിലുമായാണ് സ്ഥലം ഏറ്റെടുക്കുന്നതെങ്കില്‍ വീടുകള്‍ പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടും. 
എന്നാല്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റിയതിലൂടെ നിരവധി വീട്ടുകാര്‍ക്ക് ആശങ്കയ്ക്ക് വക നല്‍കുകയാണ്. റോഡിന്റെ ഇരുവശത്ത് നിന്നും ഒരുപോലെ സ്ഥലം ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും ഇതിന്റെ ഭാഗമായി അടുത്ത ദിവസം പ്രദേശത്തുകാരുടെ യോഗം ചേരുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എ.കെ. രാജേഷ്, സുരേഷ് മാവില, വി. കുഞ്ഞിരാമന്‍, കെ.വി. ജയചന്ദ്രന്‍, എം.സി. കുഞ്ഞമ്മദ് മാസ്റ്റര്‍, ടി. ദിനേശന്‍, കെ.വി. പ്രശാന്ത്, സുചിത എന്നിവര്‍ സംബന്ധിച്ചു.

*