ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാർഥി മരിച്ചു


  • ഇടുക്കി: അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ 1.15-ഓടെയാണ് അപകടം. ബസ്സിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു മിൽഹാജിന്റെ മൃതദേഹം. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ നാൽപ്പതോളം വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാർഥി സംഘം യാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. കല്ലാർകുട്ടി-മയിലാടുംപാറ റൂട്ടിൽ മുനിയറയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തിങ്കൾക്കാടിന് സമീപത്താണ് ബസ് മറിഞ്ഞത്.


കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു.