മദ്രസയിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു: പത്ത് കുട്ടികൾക്ക് ദാരുണാന്ത്യം

മദ്രസയിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു: പത്ത് കുട്ടികൾക്ക് ദാരുണാന്ത്യം


ഇസ്ലാമാബാദ്: മദ്രസയിൽ നിന്ന് വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തിൽ പെട്ട് പാകിസ്ഥാനിൽ 10 കുട്ടികൾക്ക് ദാരുണാന്ത്യം. പാകിസ്താനിലെ ഖൈബർ പഖ്‌തൂൺവ പ്രവിശ്യയിലാണ് ബോട്ടുമറിഞ്ഞ് പത്ത് കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. ടാണ്ടാ ഡാം തടാകത്തിലാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. മരിച്ചവർ എല്ലാവരും തന്നെ പന്ത്രണ്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണെന്നത് അപകടത്തിന്‍റെ വേദന വർധിപ്പിക്കുന്നു. ബോട്ട് അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അപകടമുണ്ടായ ഖൈബർ പഖ്‌തൂൺവ പ്രവിശ്യയിലെ പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് വിദ്യാർത്ഥികളെ കണ്ടെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അവർ അറിയിച്ചു.


മദ്രസയിൽ നിന്നുള്ള 50 ഓളം വിദ്യാർത്ഥികളടക്കമുള്ളവർ ടണ്ട തടാകത്തിന് സമീപം വിനോദയാത്രക്ക് എത്തിയതാണെന്നും ഒരു ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നും കൊഹാത്ത് ജില്ലാ കമ്മീഷണർ മഹമൂദ് അസ്ലം പറഞ്ഞു. ഏഴ് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചതെന്നും കമ്മീഷണർ വിവരിച്ചു. പ്രദേശ വാസികളും പാക് സൈന്യത്തിലെ മുങ്ങൽ വിദഗ്ദരുമടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തിയത് തുണയായെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഇന്ന് രാവിലെ പാകിസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞും വലിയ ദുരന്തം ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ലാസ്ബെല ജില്ലയിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 42 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. അമിത വേഗത്തിലായിരുന്ന ബസ് പാലത്തിലിടിച്ച് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ബസ് കത്തിയമർന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നാണ്നിലവിലെ വിവരം. ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിന്‍റെ തൂണിലിടിച്ചതിനെ തുടർന്ന് തീപിടിക്കുകയുമായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ ലാസ്ബെല ഹംസ അഞ്ജും വ്യക്തമാക്കി