വിദേശത്തു ജോലിക്ക് പോയ മകനെ കാണാതായിട്ട് ഒമ്പത് വർഷം; ഒടുവിൽ വീഡിയോ കോളിലെത്തി ആശ്വാസവിളി

വിദേശത്തു ജോലിക്ക് പോയ മകനെ കാണാതായിട്ട് ഒമ്പത് വർഷം; ഒടുവിൽ വീഡിയോ കോളിലെത്തി ആശ്വാസവിളി


തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് ജോലിക്ക് വിദേശത്തു പോയ മകൻ മടങ്ങി വന്നില്ല. പലയിടത്തും അന്വേഷിച്ചു. ഡൽഹിയിലെ എംബസി വഴിയും മലയാളി അസോസിയേഷൻ വഴിയുമൊക്കെ പല തവണ ശ്രമങ്ങൾ നടത്തി. ഒന്നും ഫലം കണ്ടിരുന്നില്ല. ഒടുവിൽ മാതാപിതാക്കൾക്ക്  ആ മകനെ തിരിച്ചു കിട്ടി. ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ സി സുന്ദരേശൻ- ബിഎസ് മണി ദമ്പതികളുടെ മകൻ എസ് പ്രവീൺ (34) ആണ് ഒമ്പത് വർഷത്തെ അജ്ഞാത വാസത്തിന് ശേഷം വീഡിയോ കോളിലൂടെ മാതാപിതാക്കൾക്ക് മുന്നിലെത്തിയത്.

വർഷങ്ങൾക്ക് ശേഷം മകനെ വീഡിയോ കോളിലൂടെയെങ്കിലും കണ്ട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. മുൻ തിരുവനന്തപുരം നഗരസഭ വാർഡ് കൗൺസിലർ ഐ പി ബിനുവും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ ആർ. പ്രശാന്ത് എന്നിവരുടെ ഇടപെടലിലൂടെയാണ് പ്രതീക്ഷയോടെ കാത്തിരുന്ന ദമ്പതികൾക്ക് മുമ്പിലേക്ക് ആശ്വാസവാർത്ത എത്തിയത്. മകനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് ഈ കുടുംബം.


കഴിഞ്ഞ ദിവസമാണ് ഐപി ബിനുവിന് പ്രവാസികളായ കനിൽ ദാസിന്റെയും മുജീബിന്റെയും ഫോൺ വിളി എത്തുന്നത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ പ്രവീൺ 9 വർഷമായി വീട്ടുകാരുമായി ഒരു ബന്ധവും ഇല്ലാതെ വിദേശത്ത് അകപ്പെട്ടിരിക്കുകയാണെന്ന് ഇവർ ബിനുവിനെ അറിയിച്ചു. വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞ പ്രവീൺ ജോലിയൊന്നും ഇല്ലാതെ വളരെ മോശം അവസ്ഥയിലാണെന്നും വീട്ടുകാരെ കണ്ടെത്തി പ്രവീണിനെ ഉടനെ തിരികെ നാട്ടിൽ എത്തിക്കണമെന്നും ഇവർ പറഞ്ഞു.

തുടർന്ന് ബിനു സുഹൃത്തും ആര്യനാട്ടുകാരനുമായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ പ്രശാന്തിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം ഇവർ നൽകിയ പാസ്സ്പോർട്ട് വിവരങ്ങൾ വെച്ച് പ്രശാന്ത് പ്രവീണിന്റെ വീട് കണ്ടെത്തി. വീട്ടുകാരുമായി ബന്ധപ്പെട്ടു വിവരങ്ങൾ കൈമാറുകയായിരുന്നു. ബിനു അറിയിച്ചതനുസരിച്ച് സിപിഎം ആര്യനാട് ബ്രാഞ്ച് സെക്രട്ടറി അഡ്വ. അജേഷും സ്ഥലത്തെത്തി കാര്യങ്ങൽ ഏകോപിപ്പിച്ചു.


നാട്ടിൽ പെയിന്റിങ്ങ് ജോലിയായിരുന്നു പ്രവീണിന്. പിന്നീട് കാറ്ററിങ് ജോലിക്കായാണ് ഒൻപത് വർഷം  മുമ്പ് അബുദാബിയിലേക്ക് പോയത്. അവിടെയെത്തി രണ്ട് വർഷത്തോളം വീട്ടുകാരുമായി പ്രവീൺ ബന്ധപ്പെടുമായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെ കമ്പനിയിൽ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പ്രവീണിനെ കുറിച്ച് ഒരു വിവരവും ലഭിക്കാതെയായി.

വർഷങ്ങൾക്ക് ശേഷം അച്ഛനുമമ്മയും മകനെ കണ്ടപ്പോൾ കരയുകയായിരുന്നു. പ്രവീണിനെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഐ പി ബിനു പറഞ്ഞു. രണ്ടാമത്തെ സഹോദരിയെ വിവാഹം കഴിച്ചയച്ചതിന്റെ ബാധ്യതകൾ നിൽക്കെയാണ് പ്രവീൺ വിദേശത്തേക്ക് പോയത്. രണ്ടു വർഷത്തോളം കുടുംബവുമായി ബന്ധമുണ്ടായിരുന്നു. അബുദാബിയിൽ പോയ പ്രവീൺ അവിടെ ശമ്പളം കുറവായതിനാൽ അലൈനിലേക്ക് ജോലിക്ക് പോയി. ഇതിനിടെയാണ് ഫോൺ നഷ്ടമാകുന്നത്. തുടർന്ന് കുടുംബത്തെ ബന്ധപ്പെടാനും കഴിയാതെ വന്നു. സഹോദരി പ്രിയയുടെ ഭർത്താവിൻറെ സുഹൃത്താണ് പ്രവീണിനെ വിദേശത്തേക്ക് കൊണ്ടുപോയത്. കടബാധ്യതകൾ തീർക്കണമെന്നും കിടപ്പ് രോഗിയായ അച്ഛന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തണമെന്നുമുള്ള ആഗ്രഹങ്ങളുമായാണ് പ്രവീൺ വിമാനം കയറിയത്.