നവവധു വിവാഹത്തിന് മുൻപ് ഗര്‍ഭിണിയായി; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം

നവവധു വിവാഹത്തിന് മുൻപ് ഗര്‍ഭിണിയായി; ഭര്‍ത്താവിന്റെ സുഹൃത്ത് പിടിയില്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം


ആലപ്പുഴ: നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി നൈസാമിന്റെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി.

ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ വിവാഹത്തിന് മുമ്പേ യുവതി ഗർഭിണിയാണെന്ന വിവരം ഭർതൃവീട്ടുകാർ അറിഞ്ഞു. ഇതോടെയാണ് അഞ്ചുവർഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.


നൈസാം മുൻകൈയെടുത്താണ് തന്റെ പരിചയത്തിലുള്ള യുവാവിനെക്കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. 16 വയസു മുതൽ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി.

മുമ്പൊരിക്കൽ എതിർപ്പു പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയ നൈസാം മാസങ്ങൾക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു. ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൻമേലായിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് പെൺകുട്ടി മൊഴി നൽകി.


യുവതിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികൾ തടഞ്ഞു വച്ചു മർദിച്ച ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.