
കൊച്ചി: ഹൈവേയിൽ തോക്ക് ചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് കാഞ്ഞിരംകുന്നം കച്ചേരിപ്പറമ്പ് ചെറുമലയിൽ വീട്ടിൽ മുഹമ്മദ് മുഹ്സിൻ (28) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അഞ്ചാം പ്രതിയാണ് ഇയാൾ. സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരും സഹായിച്ചവരും ഉൾപ്പെടെ ഇതുവരെ പതിമൂന്ന് പേർ അറസ്റ്റിലായി.
മാർച്ച് 31ന് ബെംഗളൂരുവിൽ നിന്ന് പുകയില ഉൽപ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെയാണ് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. മർദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹാൻസ് തട്ടിയെടുക്കാനായി ക്വട്ടേഷൻ സംഘത്തെ അയച്ച പാലക്കാട് സ്വദേശി മുജീബ് പിന്നീട് പിടിയിലായിരുന്നു. മുജീബിന് വേണ്ടിയായിരുന്നു ഹാന്‍ കൊണ്ടുവന്നതും
കാറും ഹാൻസും തട്ടിയെടുത്ത് മറിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. സംഭവത്തില്‍ ഉള്‍പ്പെട്ടെ മുഴുവന്‍ പ്രതികളെയും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടി. നെടുമ്പാശ്ശേരി സ്റ്റേഷനിൽ മുജീബിനെതിരെ സമാന സ്വഭാവമുള്ള കേസുണ്ട്. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ് ഐ മാരായ സി ആർ ഹരിദാസ്, വി എൽ ആനന്ദ്, കെ പി ജോണി സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച് ഹാരിസ്, കെ എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.