മാനന്തവാടി സ്വദേശിയെന്ന് സംശയം കുടകിൽ കാപ്പി വിളവെടുപ്പിനെത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി സ്വദേശിയെന്ന് സംശയം:  കുടകിൽ കാപ്പി വിളവെടുപ്പിനെത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി 


 വിരാജ്പേട്ട: കുടകിലെ കാപ്പിത്തോട്ടത്തിൽ  കാപ്പി വിളവെടുക്കാനെത്തിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നമ്പേട്ട് താലൂക്ക് ശ്രീമംഗല പോലീസ് സ്റ്റേഷൻ പരിധിയിലെ  ടി.ഷെട്ടിഗേരി തവളഗേരി വില്ലേജിലെ കാപ്പി കർഷകനായ മച്ചിമട സഞ്ജുവിന്റെ കാപ്പിത്തോട്ടത്തിൽ കാപ്പി വിളവെടുപ്പിനായി എത്തിയ ആളാണ് മരിച്ചത്.  ഫാമിന്റെ ഉടമയോട്  തന്റെ പേര് അജി എന്നും വിലാസം പാക്കം വില്ലേജ് മാനന്തവാടി, കേരള സ്റ്റേറ്റ് എന്നും ആണ് ഇയാൾ അഡ്രസ് നൽകിയിട്ടുള്ളത്.  
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എത്തിയ ഇയാൾ  ഉടമയുടെ കാപ്പിത്തോട്ടത്തിലെ ലൈൻ ഹൗസിൽ താമസിച്ച് ജോലിക്ക് പോകുകയായിരുന്നു.  പതിവുപോലെ ഞായറാഴ്ച  ഇയാൾ ജോലിക്കെത്താതെ വന്നതോടെ  തോട്ടം ഉടമ സഞ്ജു ഇയാൾ താമസിക്കുന്ന വീട്ടിലെത്തി  തൊഴിലാളിയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.  സംശയത്തിന്റെ അടിസ്ഥാനത്തിൽ തുറന്ന് പരിശോധിച്ചപ്പോൾ ഇയാൾ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന്  ശ്രീമംഗല പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ എത്തി മൃതദേഹവും സ്ഥലവും പരിശോധിച്ചു. കാപ്പിത്തോട്ടം ഉടമ സഞ്ജുവിന്റെ പരാതിയിൽ അനാഥമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ശ്രീമംഗല പോലീസ് സ്‌റ്റേഷനിൽ കേസ്  രജിസ്റ്റർ ചെയ്തിട്ടുണ്ട്.  മൃതദേഹം മടിക്കേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  മരിച്ചയാളുടെ അനന്തരാവകാശികൾ ശ്രീമംഗല  പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.