വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു

വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു


വാരം: വാരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് കത്തി നശിച്ചു. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിൻ്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. മേലേ ചൊവ്വ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോൾ പമ്പിനടുത്ത് വെച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.

നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണമാണ് ദുരന്തം ഒഴിവായത്. റോയൽ എൻഫിൽഡാണ് അഗ്നിക്ക് ഇരയായത്.  ഇഞ്ചിൻഭാഗത്ത് നിന്ന് സ്പാർക്കായി പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വാരം പെട്രോൾ പമ്പിനടത്ത് റോഡ് സൈഡിൽ ബൈക്ക് നിർത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടർന്നിരുന്നു. 

ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വാരത്തെ പെട്രോൾ പമ്പ് ജീവനക്കാരും ഓടിയെത്തി പെട്ടന്ന് തന്നെ തീ അണക്കുകയായിരുന്നു.
ഈ വേളയിൽ ഇതുവഴി വന്ന കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനനും നാട്ടുകാരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. ബൈക്കിന് തീ പടരുന്നത് കണ്ട് ഫയർഫോഴ്സിനെയും ചക്കരക്കൽ പോലീസിനെയും വിവരം അറിയിച്ചു. തീ പിടിച്ച ബൈക്കിനടുത്ത് ഒരു കാർ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്സും ചക്കരക്കലിൽ നിന്ന് പോലീസും എത്തി.