പ്രളയം തകർത്തിട്ട് അഞ്ചുവർഷം;ആറളത്തെ മാഞ്ചോട് പാലത്തിന്റെ എസ്റ്റിമേററ് എടുക്കാൻ വിദ്ഗത സംഘം എത്തി

പ്രളയം തകർത്തിട്ട് അഞ്ചുവർഷം;ആറളത്തെ മാഞ്ചോട് പാലത്തിന്റെ എസ്റ്റിമേററ് എടുക്കാൻ വിദ്ഗത സംഘം എത്തി


ഇരിട്ടി: 2018 ലെ പ്രളയം തകർത്ത ആറളം,  അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന  മാഞ്ചോട് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കാനായി വിദഗ്ധ സംഘം ആറളത്തെത്തി. പ്രളയം പാലം തകർത്തിട്ട് അഞ്ചു വർഷം  പിന്നിടുമ്പോഴാണ് റീബിൽഡ്‌ കേരളയിൽ നിന്നുമുള്ള വിദഗ്ധ സംഘം പുതിയ പാലത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനായി ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഇരു പഞ്ചായത്തുകളുടെ അതിർത്തിയിൽ ആറളം പഞ്ചായത്തിലെ മാഞ്ചോടിനെ അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴയുമായി ബന്ധിപ്പിക്കുന്ന  നൂറുകണക്കിന്  കുടുംബങ്ങളുടെ യാത്രാമാർഗ്ഗമായ പാലം പാറയ്ക്കാപ്പാറ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ്  ഒലിച്ചുപോയത്. പ്രളയകാലത്ത് ജില്ലയിൽ ഉണ്ടായ നാശനഷ്ടങ്ങളിൽ പ്രധാനപ്പെട്ട നഷ്ടമായിരുന്നു പാലത്തിന്റെ തകർച്ച. അന്ന്  സ്ഥലത്തെത്തിയ സൈന്യം മണിക്കൂറുകൾകൊണ്ട് താല്ക്കാലിക പാലം നിർമ്മിക്കുകയായിരുന്നു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഉടനെ പുതിയ പാലം നിർമ്മിക്കുമെന്ന സർക്കാരിന്റെ അന്നത്തെ വാഗ്ദാനം പാഴായി. ഇതിനിടയിൽ സൈന്യം നിർമ്മിച്ച താത്കാലിക പാലവും രണ്ടുവർഷം മുൻപ്  തകർന്നു. ഈ പാലം  തകരുന്നതിന് മുൻമ്പ് പുതിയ പാലം എത്തുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. നിരന്തരം  പാലത്തിനായി കലക്ടർക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി കാത്തിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല.  
  പാലം തകർന്നതോടെ  വേനൽക്കാലത്ത് തോട്ടിലെ നീരൊഴുക്ക് കുറയുന്ന കാലത്ത് ഒഴിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം കരിക്കോട്ടക്കരി ടൗണിലും സ്‌കൂളിലും പള്ളിയിലുമെല്ലാം എത്തണമെങ്കിൽ. വിദഗ്ത സംഘം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം നേടിയ ശേഷമേ ഫണ്ട് അനുവദിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ  നിർമ്മാണത്തിലേക്ക് കടക്കാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. എന്നാൽ കാത്തിരുന്നത്ര കാലം വേണ്ടിവരില്ല എന്ന ആശ്വാസത്തിലാണ്‌ മേഖലയിലെ ജനങ്ങൾ.  റീബിൽഡ് കേരള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ ഷിജുചന്ദ്രൻ, ഹശ്രമോൾ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ ജെ.വിനോദ്, മൂഹമ്മദ് റോഷൻ എന്നിവരുടെ നേതൃത്വത്തിൽ ഏറണാകുളത്തെ ടിക്‌സോട്രോഫി എന്ന കൺസർട്ടൻസിയാണ് ഡിസൈൻ തെയ്യാറാക്കുന്നത്.