ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബത്തേരി സ്വദേശിയായ യുവാവ് ജീവനൊടുക്കി


ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് ജീവനൊടുക്കി




സുൽത്താൻ ബത്തേരി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മൂത്തേടത്ത് അനൂപ് ടോമിയാണ് മരിച്ചത്. ഡിസംബര്‍ 27ന് എറണാകുളത്തുവെച്ചാണ് അനൂപ് ആത്മഹത്യ ചെയ്തത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റസ് കണ്‍സള്‍ട്ടന്‍സി എന്ന ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ അനൂപ് എറണാകുളത്തെ ഒരു ലോഡ്ജില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. 10മാസം മുമ്പാണ് അനൂപ് ട്രാവല്‍ ഏജന്‍സിയെ ജോലിക്കായി ബന്ധപ്പെടുന്നത്.

ബെല്‍ജിയത്തിലേക്ക് പോകാനാണ് അനൂപ് തീരുമാനിച്ചത്. ഇതിന്റെ ഫീസാകട്ടെ നാല് ലക്ഷം രൂപയാണ്. ആദ്യം 25000 രൂപ കൊടുത്തു. വിസ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഏജന്‍സി മറ്റൊരു ഓഫര്‍ നല്‍കി. ആറുലക്ഷം രൂപ നല്‍കിയാല്‍ യുകെയില്‍ ശരിയാക്കാമെന്ന് ഏജന്‍സി പറഞ്ഞു. പല തവണകളിലായി പണമടക്കുകയും പിന്നീട് വിസ വരുകയും ചെയ്തു. ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ വിസ സറ്റാമ്പിങ് കൊച്ചിയില്‍ വെച്ച് നടക്കുമെന്ന് ട്രാവല്‍ ഏജന്‍സി അറിയിച്ചിരുന്നു. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അനൂപ് അറിയുന്നത്.

താന്‍ ചതിക്കപ്പെട്ടതാണെന്നും 10 ദിവസത്തിനുള്ളിൽ എല്ലാം ശരിയാക്കാമെന്നും പണം തിരിച്ചു നല്‍കാമെന്നും ട്രാവല്‍ ഏജന്‍സി ഉടമ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ ഇയാള്‍ ഓഫീസ് അടച്ചുമുങ്ങുകയായിരുന്നു. ഈ മനോവിഷമത്തിലാണ് അനൂപ് ആത്മഹത്യ ചെയ്തത്. ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അനൂപിന്റെ കുടുംബം. ഇതെ ട്രാവല്‍സിനെതിരെ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവ് ഒന്നരമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതി പൊലീസ് പരിഗണിച്ചില്ലെന്ന് ആരോപണമുണ്ട്. നവംബര്‍ 18ന് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ യുവാവ് തളിപ്പറമ്പ ഡിവൈ എസ് പി ഓഫീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ ഫലം കണ്ടിരുന്നില്ല