അഖിലേന്ത്യാ മോട്ടോർ സൈക്കിൾ റെയ്‌സിൽ ഇരിട്ടി സ്വദേശി നാലാം ക്‌ളാസുകാരന് മൂന്നാം സ്ഥാനം

അഖിലേന്ത്യാ മോട്ടോർ സൈക്കിൾ റെയ്‌സിൽ ഇരിട്ടി സ്വദേശി നാലാം ക്‌ളാസുകാരന് മൂന്നാം സ്ഥാനം


 
ഇരിട്ടി: അഖിലേന്ത്യാ തലത്തിൽ നടന്ന മോട്ടോർസൈക്കിൾ റൈസിൽ ഇരിട്ടിക്കാരനായ നാലാം ക്ലാസുകാരൻ മൂന്നാം സ്ഥാനം നേടി. പയഞ്ചേരി എൽപി സ്കൂളിലെ വിദ്യാർത്ഥി മാസി ഷാക്കിറാണ് ആദ്യ മത്സരത്തിൽ തന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മോട്ടോർ സൈക്കിളിനോട്  ചെറുപ്പത്തിലേതോന്നിയ കമ്പമാണ്  ഇരിട്ടി വികാസ് നഗർ സ്വദേശി ഷാക്കീറിന്  മകനെ മോട്ടോർസൈക്കിൾ റൈസിംഗ് പരിശീലിപ്പിക്കുന്നതിനിടയാക്കിയത്. ഇതിനായി മുഴക്കുന്നിൽ ഒരേക്കർ വരുന്ന സ്ഥലം പരിശീലനത്തിനായി ഉപയോഗപ്പെടുത്തി. ഇതിനിടയിലാണ് തൃശ്ശൂരിൽ വച്ച് ഓൾ ഇന്ത്യ തലത്തിലുള്ള മോട്ടോർസൈക്കിൾ റൈസിംഗ് നടന്നത്. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിലാണ് മാസി ഷാക്കിർ മത്സരിച്ചത്. മത്സരത്തിനിടയിൽ  മാസി വീണെങ്കിലും വീണ്ടും ഓടിച്ചാണ് 200 ഓളം പേർ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. 
ഈ നേട്ടം കൈവരിച്ച മാസിയെ പയഞ്ചേരി എൽപി സ്കൂളിലെ അധ്യാപകരും പിടിഎയും വിദ്യാർത്ഥികളും ചേർന്ന് അഭിനന്ദിച്ചു. പ്രഥമാദ്ധ്യാപിക  ബിന്ദു പ്രവീൺ ഉപഹാരവും നൽകി. ഇനി വരുന്ന മത്സരങ്ങൾ എല്ലാം മാസിയെ പങ്കെടുപ്പിക്കുമെന്ന് മാതാപിതാക്കളായ ഷാക്കിറും  ബൽക്കീസും പറഞ്ഞു. മൂന്നര വയസ്സുള്ള സഹോദരൻ റയാനും ഇതിനോട് താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ റൈഡറാവുകയാണ് എന്റെ വലിയ ആഗ്രഹമെന്ന് മാസി പറഞ്ഞു.