മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് ഭീഷണി; വേദിയിൽ തന്നെ മറുപടി നൽകി ​ഗായിക സജില സലീം.

മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് ഭീഷണി; വേദിയിൽ തന്നെ മറുപടി നൽകി ​ഗായിക സജില സലീം.


കോട്ടയം: സം​ഗീത പരിപാടിക്കിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാള്‍ക്ക് വേദിയിൽ വെച്ചുതന്നെ മറുപടി നല്‍കി ഗായിക സജില സലീം. ഈരാറ്റുപേട്ടയില്‍ നടന്ന 'നഗരോത്സവം' പരിപാടിക്കിടെയായിരുന്നു സംഭവം. ​ഗായകനായിരുന്ന കണ്ണൂർ സലീമിന്റെ മകളാണ് സജില സലീം. പരിപാടിക്കിടെ പാട്ടുകള്‍ പാടിക്കൊണ്ടിരിക്കുന്നതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളില്‍ നിന്നൊരാൾ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതുകേട്ട സജില പാട്ട് നിര്‍ത്തി അങ്ങനെ പറഞ്ഞയാളോട് വേദിയിലേക്ക് കയറി വരാന്‍ ആവശ്യപ്പെട്ടു. ആരോടും ഇത്തരമൊരു സമീപനം നല്ലതല്ലെന്ന് ​ഗായിക അയാളോട് പറഞ്ഞു.

സംഘാടകർ മാപ്പിളപ്പാട്ട് മാത്രം മതിയെന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് എല്ലാ തരത്തിലുള്ള പാട്ടുകളും പാടി‌യത്. എല്ലാ പാട്ടുകളും കേള്‍ക്കാന്‍ ഇഷ്ടമുള്ളവവരല്ലേ പരിപാടി കാണാന്‍ വന്നിരിക്കുന്നത്. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് പറയുന്നത് പരിഹസിക്കുന്നതിന് തുല്ല്യമാണ്. ഇതിനെതിരേ പ്രതികരിച്ചില്ലെങ്കില്‍ ഒന്നുമല്ലാതായിപ്പോകും. അതുകൊണ്ടാണ് സ്‌റ്റേജില്‍വെച്ച് തന്നെ പറയുന്നതെന്നും ആരോടും ഇത്തരത്തില്‍ പെരുമാറരുതെന്നും സജില പറഞ്ഞു.

സജിലയുടെ പ്രതികരണത്തെ വൻകരഘോഷത്തോടെയാണ് എതിരേറ്റത്.  സോഷ്യൽമീഡിയയിലും സജിലയുടെ മറുപടി വീഡിയോ വലിയ രീതിയിൽ പ്രചരിച്ചു. നിരവധി പേർ പ്രശംസയുമായി രം​ഗത്തെത്തി.