സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ഹരിത കേരളം മിഷന്‍

സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ഹരിത കേരളം മിഷന്‍


നെടുങ്കണ്ടം:  ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ തടയാൻ സംസ്ഥാനത്തെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി തുടങ്ങി. ആദ്യഘട്ടത്തിൽ പശ്ചിമഘട്ടത്തിലുള്ള ഒൻപതു ജില്ലകളിലെ നീർച്ചാലുകൾ അടയാളപ്പെടുത്തും. സുരക്ഷിതമാക്കാം പശ്ചിമ ഘട്ടം എന്ന പേരിൽ ഹരിത കേരളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. നീര്‍ച്ചാലുകള്‍ ഭൂമിയുടെ നിലനില്‍പ്പിന് അത്യാവശ്യമെന്ന തിരിച്ചറിവാണ് പുതിയ പദ്ധതി തുടങ്ങാൻ കാരണമെന്നാണ് നവകേരളം പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി എൻ സീമ പ്രതികരിക്കുന്നത്.

മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഒന്നാം നിര, രണ്ടാം നിര നീർച്ചാലുകളുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടു. ഇങ്ങനെ ഭൂമിയിൽ വെള്ളം തങ്ങി നിൽക്കുന്നു. അടുത്ത മഴക്ക് കൂടുതൽ വെള്ളം സംഭരിക്കുന്നതോടെ നിരവധി പേരുടെ ജീവനും സ്വത്തും ഇല്ലാതാക്കുന്ന രീതിയില്‍ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നു. ഇത് തടയാൻ സംസ്ഥാനത്തെ 230 പഞ്ചായത്തുകളിലായി 63,000 കിലോമീറ്ററിലധികം നീ‍ർച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനാണ് പദ്ധതി.


ആദ്യ ഘട്ടമായി നീർച്ചാലുകളുടെ അടയാളപ്പെടുത്തൽ ഐടി മിഷൻ വികസിപ്പിച്ച പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. മറ്റു ജില്ലകളിലും താമസിയാതെ പദ്ധതി തുടങ്ങും. അടയാളപ്പെടുത്തലിനായി റീബിൽഡ് കേരളയിൽ പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നീർച്ചാലുകളുടെ പുനരുജ്ജീവനം നടത്തുക.