
- കോട്ടയം: ജയിലിലുള്ള ഭർത്താവിന് ടൂത്ത് പേസ്റ്റിൽ എംഡിഎംഎ നിറച്ച് ഭാര്യ എത്തിച്ചുനൽകിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കോട്ടയത്ത് പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുലാണ് സബ് ജയിലിൽ കഴിയുന്നയാളുടെ ഭാര്യയുടെ കൈവശം ജയിലിൽ എംഡിഎംഎ എത്തിച്ചുനൽകിയത്.
നേരത്തെ ഗോകുലിനൊപ്പം സബ് ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനാണ് ടൂത്ത് പേസ്റ്റ് എന്നു പറഞ്ഞ് അയാളുടെ ഭാര്യയുടെ കയ്യിൽ എംഡിഎംഎ കൊടുത്തയച്ചത്. ജയിലിൽ എംഡിഎംഎ എത്തിച്ചതിന് ഗോകുലിനെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. സുന്ദറിന്‍റെ ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്. തുടർന്ന് അറസ്റ്റിലായ ഗോകുൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു.
Also Read- ആഢംബര ജീവിതത്തിന് പണം തികയാതെ വന്നതോടെ മയക്കുമരുന്ന് വിൽപന നടത്തിയ യുവതി പിടിയിൽ
കഴിഞ്ഞ ദിവസം 38.76 ഗ്രാം എംഡിഎംഎയുമായാണ് ഗോകുൽ അനശ്വര തിയറ്ററിനു സമീപം വച്ച് പിടിയിലായത്. കോട്ടയം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്നാണ് വ്യാഴാഴ്ച ഇയാളെ പിടികൂടിയത്. പൊതിഞ്ഞു ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് പാക്കറ്റ് ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും അവരെ ഉടൻ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് പറഞ്ഞു