കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കല്‍പ്പറ്റയില്‍ പ്രസവത്തിനായി സിസേറിയന് വിധേയയായ യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്റത്ത് (23) ആണ് മരിച്ചത്. ജനുവരി 16 ന് നുസ്റത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

17 ന് ജനറല്‍ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ നുസ്റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മരണപ്പെടുകയുമായിരുന്നു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച ഗുരുതരമായ പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.