പേരട്ട ശാന്തി മുക്കിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി അഭ്യൂഹം

പേരട്ട ശാന്തി മുക്കിൽ ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതായി അഭ്യൂഹം



ഇരിട്ടി: പേരട്ട ശാന്തിമുക്കിൽ ടാപ്പിംഗ് തൊഴിലാളി കൃഷിയിടത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. കേരളാ - കർണ്ണാടകാ അതിർത്തിയിലെ  തൊട്ടിപ്പലത്തെ  മുചിക്കാടൻ സുലൈമാനാണ് പുലിയുടെ മുന്നിൽപ്പെട്ടതായി പറയുന്നത്. കല്ലായി രാഘവന്റെ റബർതോട്ടത്തിൽ ടാപ്പിംങ്ങിന് എത്തിയതായിരുന്നു സുലൈമാൻ. സ്ഥലത്ത് എത്തിയപ്പോൾതന്നെ മുകൾ വശത്തുള്ള ബെന്നിയുടെ വീട്ടിലെ ആട് നിർത്താതെ കരയുന്നത് കേട്ടിരുന്നു. ലൈറ്റ് അടിച്ച് നോക്കിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടില്ല. പന്നി,  മുള്ളൻപന്നി, മരപ്പട്ടി  എന്നിവ ഈ മേഖലയിൽ ഉള്ളതിനാൽ അത്തരം ജീവികളെ കണ്ടിട്ടായിരിക്കാം നായ  കുരക്കുന്നത്  എന്ന് കരുതി ടാപ്പിംങ്ങ് തുടർന്നു.  ഇരുപത്തി അഞ്ചോളം മരങ്ങൾ വെട്ടിക്കഴിഞ്ഞപ്പോൾ  ഒരു കാട്ടുപന്നി അതിവേഗത്തിൽ  തന്റെ നേരെ  കുതിച്ചു വരുന്നത് കണ്ടു. ഇതിനു നേരെ  ലൈറ്റ്  അടിച്ചപ്പോൾ കാട്ടു പന്നിയുടെ പുറകിലുണ്ടായിരുന്ന പുലി തന്റെ നേരെ തിരിഞ്ഞതായി സുലൈമാൻ പറഞ്ഞു. ഉടനെ  ഓടി 600മീറ്ററോളം പിന്നിട്ട് ശാന്തിമുക്ക് പുല്ലോളിച്ചാംപാറ റോഡ് മുറിച്ചു കടന്ന് അവിടെയുള്ള വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ടാർറോഡിൽ എത്തുന്നതുവരെ പുലി പിറകെ ഉണ്ടായിരുന്നതായി സുലൈമാൻ പറഞ്ഞു. പ്രദേശവാസികളെല്ലാം റബർ ടാപ്പിംങ്ങ് നടത്താനെത്തുന്നത് സുലൈൻ എത്തിയ ശേഷമാണ്. എല്ലാവരേയും സുലൈമാൻ വിളിച്ച് പുലിയുടെ സാന്നിധ്യം അറിയിച്ചു. ഇതോടെ ഭയപ്പാടിലായ തൊഴിലാളികൾ ആരും  ശനിയാഴ്ച്ച ടാപ്പിംങ്ങ് നടത്തിയില്ല
ഉളിക്കൽ പഞ്ചായത്ത് അംഗങ്ങളായ ബിജുവെങ്ങനപ്പള്ളി, അഷ്‌റഫ് പാലശേരി, ഉളിക്കൽ സിഐ കെ. സുധീർ, എസ് ഐ ബേബിജോർജ്ജ്, കൂട്ടുപുഴ അതിർത്തിയിൽ  ഡ്യൂട്ടിയിലുണ്ടായിരുന്ന  എസ് ഐ പി. പ്രഭാകരൻ, സെക്ഷ്ൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ്  ഓഫീസർ കെ.പി. മുകേഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.