വയനാട്ടിൽ വീണ്ടും കടുവ; ഇരുപതുകാരൻ മരത്തിൽ കയറി രക്ഷപെട്ടു

വയനാട്ടിൽ വീണ്ടും കടുവ; ഇരുപതുകാരൻ മരത്തിൽ കയറി രക്ഷപെട്ടു


മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20) ആണ് മരത്തിൽ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടൻ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.

കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു