മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ; എഴുപതോളം പേര്‍ ചികിത്സ തേടി, ഒരാളുടെ നില ഗുരുതരം.


മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധ; എഴുപതോളം പേര്‍ ചികിത്സ തേടി, ഒരാളുടെ നില ഗുരുതരം.


പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ. നിരവധി പേരെ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശവാസിയുടെ കുട്ടിയുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി . ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

വ്യാഴാഴ്ചയായിരുന്നു ചടങ്ങ്. നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. കൂട്ടത്തോടെ ആളുകൾ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാമോദിസ ചടങ്ങിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയെന്ന് വ്യക്തമായത്. സംഭവത്തില്‍ പരാതി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച സെന്റ് തോമസ് പള്ളിയിലാണ് മാമോദിസ ചടങ്ങ് നടത്തിയത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നാണ് ഭക്ഷണസാധനങ്ങള്‍ എത്തിച്ചത്. എന്നാല്‍ അതേ ദിവസം കമ്പനി മറ്റിടങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് പരാതി ഇല്ലെന്ന് കമ്പനി പ്രതികരിച്ചു.